കൊച്ചി: വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.
അതേസമയം തെരുവ് നായ്ക്കള്‍ക്കായുള്ള അംഗീകൃത സംരക്ഷണ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ 7 എണ്ണം മാത്രമാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വന്ധ്യംകരിച്ച തെരുവ് നായ്ക്കളുടെ എണ്ണമോ മറ്റനുബന്ധ വിവരങ്ങളോ തൃക്കാക്കര നഗരസഭാധികൃതര്‍ നല്‍കിയിട്ടില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.