കാസർകോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മണിക്കൂറുകൾക്കകം ഇയാളെ മോചിപ്പിച്ചു. അന്വേഷണത്തിൽ ആറു പേർ അറസ്റ്റിലായി.
കാഞ്ഞങ്ങാട് കടപ്പുറത്തെ വീട്ടിലേക്ക് കാറിൽ വരികയായിരുന്ന ഷഫീഖിനെ വലിച്ചിറക്കി സംഘം മറ്റൊരു കാറിൽ കയറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. വിവിധ കേന്ദ്രങ്ങളിൽ പോലീസുകാർ വാഹന പരിശോധ തുടങ്ങിയതറിഞ്ഞ് സംഘം വാഹനം മാറ്റി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഷഫീഖിനെ വൈകുന്നേരത്തോടെ കാസർകോട്ട് ഇറക്കിവിടുകയായിരുന്നു.
ഹൊസ്ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറ് പേർ അറസ്റ്റിലായി. തായലങ്ങാടി മുഹമ്മദ് ഷഹീർ, മുഹമ്മദ് ആരിഫ് , അഹമ്മദ് നിയാസ് , ഫിറോസ് , അബ്ദുൾ മനാഫ് , മുഹമ്മദ് അൽത്താഫ് എന്നിവരാണ് പിടിയിലായത്. ദുബായിൽനിന്ന് കൊടുത്തുവിട്ട സ്വർണ്ണം എത്തിക്കേണ്ടിടത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടി കൊണ്ടുപ്പോയതെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. സംഘം സഞ്ചരിച്ച കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.