ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 കേസുകളില്‍ ഭൂരിഭാഗവും സാര്‍സ് കോവ്-2 വിന്റെ ഡെല്‍റ്റാ വകഭേദം മൂലമാണെന്നും മറ്റു വകഭേദം മൂലമുള്ള രോഗവ്യാപനം കുറവാണെന്നും ഐ.എന്‍.എസ്.എ.സി.ഒ.ജി. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷിയുള്ള പുതിയ വൈറസ് വകഭേദം നിലവില്‍ കണ്ടെത്തിയിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യമാണ് കാണുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തും പ്രത്യേകിച്ച് തെക്കു കിഴക്കന്‍ ഏഷ്യയിലും വര്‍ധിച്ചുവരുകയാണെന്നും ജനിതക ഘടനാ ഗവേഷണത്തിലുള്ള സര്‍ക്കാര്‍ പാനലിന്റെ കണ്‍സോഷ്യമായ ഐഎന്‍എസ്എസിഒജി പറഞ്ഞു.
ഇന്ത്യയില്‍ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് രണ്ടാം തരംഗത്തിനു കാരണം ഡെല്‍റ്റ വകഭേദമാണ്. വന്‍തോതില്‍ വാക്‌സിന്‍ നല്‍കുകയും പൊതുജനാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സിംഗപ്പൂര്‍ ഡെല്‍റ്റാ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്.
വാക്‌സിന്‍ എടുത്തശേഷം ഡെല്‍റ്റ വകഭേദം മൂലം രോഗമുണ്ടായവരില്‍ 9.8 ശതമാനം പേര്‍ക്കു മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമായിവന്നത്. മരണ നിരക്ക് 0.4 ശതാനം മാത്രമാണെന്നും ഐസിഎംആര്‍ പഠനത്തില്‍ പറയുന്നു.
അതേസമയം കേരളത്തിന് നല്‍കിയ പത്തു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യ പറഞ്ഞു. ഈ പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറയ്ക്കു വീണ്ടും നല്‍കാന്‍ തയാറാണെന്നും മന്ത്രി വ്യകത്മാക്കി.
കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ച എംപിമാരായ ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ കണക്കുകളും മന്ത്രി വിശദീകരിച്ചു.
കേരളത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണ്. എന്നിട്ടും രോഗവ്യാപനത്തിന് എന്തേ ശമനമില്ലാത്തത് എന്ന് മന്ത്രി ആശങ്കപ്പെട്ടു. കേരള സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ ഇപ്പോഴുള്ള സ്ഥിതിയെന്നും മന്ത്രി ചോദിച്ചു.