28.4 C
Kottayam
Tuesday, May 28, 2024

ഇടുക്കിയില്‍ മൂന്നുനില കെട്ടിടത്തില്‍ പത്താം ക്ലാസുകാരനെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഒറ്റയ്ക്കു പൂട്ടിയിടുന്നതായി പരാതി

Must read

അടിമാലി: പത്താം ക്ലാസ് വിദ്യാര്‍ഥിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് മൂന്നുനിലകെട്ടിടത്തില്‍ ഒരു മാസമായി ഒറ്റയ്ക്കു പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. ഇടുക്കി വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കുട്ടിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് മകന്‍ പിതാവിനോടൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്. ഇതിനിടെ പിതാവ് രണ്ടാമത് വിവാഹം കഴിച്ചു. മകന് അവകാശപ്പെട്ട മൂന്നു നില കെട്ടിടത്തില്‍ പിതാവ് കട നടത്തി വന്നിരുന്നു. രണ്ടാം ഭാര്യയിലുള്ള മക്കളുമായി മറ്റൊരു വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വൈകിട്ട് കടയടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ മൂന്നുനില കെട്ടിടത്തിലെ മുകളിലെ മുറിയില്‍ മകനെ തനിച്ചാക്കി പൂട്ടിയ ശേഷം വീട്ടിലേക്ക് പോയിരുന്നതെന്നാണ് പരാതി.

കുഞ്ഞിന് മാനസികപീഡനം ഏല്‍പ്പിച്ച മാനസിക നില തെറ്റിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി പീഡിപ്പിക്കുകയാണെന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് വെള്ളത്തൂവല്‍ പോലീസിലും ശിശു സംരക്ഷണസമിതിക്കു പരാതി അയച്ചിട്ടുള്ളത്.

ഒരുമാസത്തോളമായി കുട്ടിയെ ഈ കെട്ടിടത്തില്‍ വൈകുന്നേരങ്ങളില്‍ തനിച്ച് പൂട്ടിയിട്ട് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് തന്നെ വിവരം അറിയിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചതായി വെള്ളത്തൂവല്‍ എസ്.ഐ പറഞ്ഞു.

കെട്ടിടത്തില്‍ തനിച്ചാക്കി പോകുന്ന സംഭവം ബോധ്യപ്പെട്ടതായും കുട്ടിയുടെ താല്‍പര്യം കണക്കിലെടുത്ത് പിതാവിന്റെ സഹോദരന്‍മാരോടൊപ്പം കുഞ്ഞിനെ പറഞ്ഞയച്ചതായും പോലീസ് പറയുന്നു. ഇത്രയും നാള്‍ കുട്ടിയെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണ്‍ പോലും വാങ്ങി നല്‍കാതെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു.

ഇപ്പോള്‍ കുറ്റക്കാരനായ പിതാവിനെ സംരക്ഷിക്കുന്നതിന് നടത്തുന്ന ഒത്തുതീര്‍പ്പ് നാടകമാണ് കുഞ്ഞിന്റെ സംരക്ഷണെമെന്ന പേരില്‍ നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞിനെ കെട്ടിടത്തില്‍ രാത്രികാലങ്ങളിലെല്ലാം തനിച്ചാക്കി പോകുന്നതായുള്ള പരാതി നാട്ടുകാര്‍ മുഖേന അറിഞ്ഞതായി വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഇന്നലെ ഇതു സംബന്ധിച്ച് അന്വേഷണം നടത്താനിരിക്കെയാണ് ബന്ധുവിന്റെ പരാതി പോലീസിന് ലഭിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. പോലീസ് സംഘത്തോടൊപ്പം സ്ഥലത്ത് എത്തി പിതാവിന്റെ സഹോദരന്മാരുമായി രേഖാമൂലം എഴുതി വാങ്ങിയാണ് ഇവിടേക്ക് മാറ്റിയെതെന്നും പ്രസിഡന്റ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week