ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി മദ്യത്തില്‍ തൊട്ടാല്‍ കൈ പൊള്ളും. കോവിഡ് ഫീസായി ഡല്‍ഹി സര്‍ക്കാര്‍ 70 ശതമാനം നികുതി ഏര്‍പ്പെടുത്തി. പ്രത്യേക കോവിഡ് ഫീസ് എന്നപേരിലാണ് നികുതി. നികുതി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ലോക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ മദ്യവില്‍പന തുടങ്ങി. സാമൂഹ്യ അകലം പാലിക്കണമെന്ന് കര്‍ശന നിയന്ത്രണമുണ്ടായിരുന്നെങ്കിലും മിക്കയിടത്തും വന്‍തിക്കും തിരക്കുമുണ്ടായി. ഡല്‍ഹിയില്‍ പൊലീസ് ലാത്തി വീശി.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ ,കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങളോടെ മദ്യവില്‍പനതുടങ്ങിയത്. പക്ഷേ കൗണ്ടറുകള്‍ തുറന്നതോടെ പലയിടത്തും നിയന്ത്രണം കൈവിട്ടുപോയി. ഡല്‍ഹി ദരിയാഗഞ്ചില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.
സാമൂഹ്യഅകലം പാലിച്ച് കിലോമീറ്റര്‍ നീളുന്ന ക്യൂ നിന്ന് മദ്യം വാങ്ങി മടങ്ങിയവരുമുണ്ട്. ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്. ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല. ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചു. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതിയില്ല.