ഒറ്റപ്പാലം: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് കോടതി അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ ബഷീറിന്റെ ഭാര്യ ഫസീല എന്ന 33 കാരിക്കാണ് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭര്‍തൃപിതാവ് മുഹമ്മദിനെ (59) യാണ് ഫസീല കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
2013 മുതല്‍ 2015 വരെയുള്ള രണ്ടുവര്‍ഷക്കാലം ഭക്ഷണത്തിനൊപ്പം ‘മെത്തോമൈല്‍’ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. ഈ കാലയളവില്‍ നിരന്തരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ടായിരുന്ന മുഹമ്മദ് ചികിത്സയിലായിരുന്നു.
ഇതിനിടെ, ഒരുദിവസം യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരില്‍ കാണുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും, ഫോറന്‍സിക് പരിശോധനയിലും പോലീസ് ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിഷപദാര്‍ഥം മെത്തോമൈല്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഹരി ഹാജരായി. ഐ.പി.സി. 307, 328 വകുപ്പുപ്രകാരം കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപവീതമാണ് കോടതി അരലക്ഷം പിഴചുമത്തിയത്. രണ്ടുവകുപ്പുകളിലും അഞ്ചു വര്‍ഷം വീതമാണ് കഠിനതടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
അതേസമയം, ഭര്‍ത്താവിന്റെ മാതാവിന്റെ മാതാവ് നബീസയെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ് ഫസീലയും ഭര്‍ത്താവ് ബഷീറും. 2016 ജൂണിലായിരുന്നു നബീസയുടെ കൊലപാതകം. കേസ് കോടതിയുടെ പരിഗണനയിലാണ്.