32.8 C
Kottayam
Saturday, May 4, 2024

ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് പാടില്ല; ബില്‍ അവതരിപ്പിച്ച് ആസാം

Must read

ഗുവാഹത്തി: ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ഹിന്ദു,ജൈന,സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബില്‍ അവതരിപ്പിച്ച് ആസാം സര്‍ക്കാര്‍. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആസാമില്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും.

”ഹിന്ദു,ജൈന,സിഖ് മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങള്‍ കൂടുതലായുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ ക്ഷേത്രങ്ങളുടെയോ സത്രത്തിന്റെയോ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന സ്ഥലങ്ങളിലോ കന്നുകാലി കശാപ്പിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമത്തിനാകും. അധികാരികള്‍ നിര്‍ദേശിക്കുന്ന മറ്റേത് സ്ഥാപന പരിധിയിലും നിയന്ത്രണമുണ്ടാകും.” മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. അതേസമയം ചില മതപരമായ അവസരങ്ങളില്‍ ഇളവ് അനുവദിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അസമില്‍ നിലവിലുണ്ടായിരുന്ന 1950ലെ കന്നുകാലി സംരക്ഷണ നിയമത്തില്‍ കന്നുകാലി കശാപ്പും ഇതിന്റെ കടത്തും നിയന്ത്രിക്കുന്നതിന് മതിയായ വ്യവസ്ഥകള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു പ്രത്യേക പ്രദേശത്തെ രജിസ്റ്റര്‍ ചെയ്ത വെറ്റിറിനറി ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കില്‍ ഒരു വ്യക്തിയെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതില്‍ നിന്ന് വിലക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കശാപ്പ് ചെയ്യപ്പെടുന്നത് പശുവല്ലെന്നും 14 വയസ്സിന് മുകളിലുള്ളതാണെന്നും ഉറപ്പ് വരുത്തിയതിന് ശേഷമേ വെറ്റിറിനറി ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. അംഗീകൃതവും ലൈസന്‍സുള്ളതുമായ അറവ് ശാലകളെ മാത്രമേ കശാപ്പിന് അനുവദിക്കുകയുള്ളൂ.

ഒരു ജില്ലയ്ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത മൃഗങ്ങളെ വിപണികളിലേക്ക് വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായി കൊണ്ടുപോകുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. കൂടാതെ ഒരു ജില്ലയ്ക്കുള്ളില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കന്നുകാലികളെ കൊണ്ടുപോകുന്നതിനും നിയന്ത്രണം ഉണ്ടാകില്ല.

ഈ നിയമങ്ങള്‍ ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും പുതിയ ബില്ലില്‍ പറയുന്നു. നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ഈടാക്കും. അല്ലെങ്കില്‍ അത് രണ്ടും അനുഭവിക്കേണ്ടിവരുമെന്നും ബില്ലിലുണ്ട്. ഒരു തവണ ശിക്ഷിക്കപ്പെട്ടയാള്‍ സമാനമായ കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week