ഭുവനേശ്വര്‍: കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യ ട്രെയിന്‍ ഞായറാഴ്ച രാവിലെ ഒഡീഷയിലെ ഭുവനേശ്വരിലെത്തിയിരുന്നു. ആദ്യ ട്രെയിന്‍ ഭുവനേശ്വറിലെത്തിയതിന് പിന്നാലെ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക് നന്ദി അറിയിച്ചു.
കൊവിഡ് കാലത്ത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സഹായിച്ചതിനും കേരളത്തിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. റെയില്‍വേ അധികൃതര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
1150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിന്‍ ഇന്നലെ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. കണ്ഡമാല്‍,ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുര്‍, ഗജപതി കോരാപുട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ജഗന്നാഥ്പുര്‍ സ്റ്റേഷനിലും ബാക്കിയുള്ള ആളുകള്‍ ഖുര്‍ദ സ്റ്റേഷനിലും ഇറക്കി. കേരളത്തില്‍ നിന്നെത്തിയവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം 26 പ്രത്യേക ബസുകളിലും കാറുകളിലുമായി സ്വന്തം നാടുകളിലേക്ക് അയച്ചു.