ചാത്തന്നൂർ (കൊല്ലം) :പ്രസവിച്ചകുഞ്ഞിനെ രേഷ്മ അപ്പോൾത്തന്നെ ഉപേക്ഷിച്ചത്, ഒരിക്കൽപ്പോലും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത ‘കാമുകനു’വേണ്ടി. ഗർഭവും പ്രസവവും ഇതിനുവേണ്ടി ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും യുവതി മറച്ചുവെച്ചു.
ഫെയ്സ്ബുക്ക് കാമുകനായി അഭിനയിച്ചത് ബന്ധുവായ ഗ്രീഷ്മയാണെന്ന് രേഷ്മ തിരിച്ചറിഞ്ഞതുമില്ല. പക്ഷേ, ഗ്രീഷ്മ തന്റെ രഹസ്യങ്ങളെല്ലാം സുഹൃത്തിനെ അറിയിച്ചിരുന്നതായാണ് സൂചന.
ആത്മഹത്യചെയ്യുംമുൻപ് ഗ്രീഷ്മ സുഹൃത്തിനെ വിളിച്ചിരുന്നു. പക്ഷേ, ഒന്നും മിണ്ടിയില്ല. പലതവണ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പോലീസ് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ, ഗ്രീഷ്മ രഹസ്യമായി സിം കാർഡ് സംഘടിപ്പിച്ച് അനന്ദു എന്ന അക്കൗണ്ടുണ്ടാക്കി ‘കാമുകനാ’യത് കണ്ടെത്തിയിരുന്നു.
വ്യാജ അക്കൗണ്ട് വെളിപ്പെടാത്തരീതിയിൽ തെളിവുകൾ നശിപ്പിച്ചാണ് ഗ്രീഷ്മ ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നത്. ഓരോതവണയും രേഷ്മയോട് ചാറ്റുചെയ്തശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പിന്നീട് ഇത് ഡിലീറ്റാക്കും. വീണ്ടും പുതിയ അക്കൗണ്ട് തുറന്ന് ചാറ്റുചെയ്തശേഷം ഡിലീറ്റ് ചെയ്യും. ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ 14 ദിവസം കഴിയുമ്പോൾ ഫെയ്സ്ബുക്കിന്റെ നിയമമനുസരിച്ച് ഉപയോഗിക്കാത്ത അക്കൗണ്ട് എന്നനിലയിൽ ഒഴിവാകും.
നവജാതശിശുവിന്റെ മരണംനടന്ന് മാസങ്ങൾക്കുശേഷം ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയിലേക്കെത്തിയെങ്കിലും രേഷ്മയെ കൂടുതൽ ചോദ്യംചെയ്യുന്നതിലൂടെ പുതിയ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗ്രീഷ്മയുടെ സഹപാഠിയും സുഹൃത്തുമായ പരവൂർ സ്വദേശിയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം.