ബ്രസീലിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ പാരഗ്വായെ പരാജയപ്പെടുത്തി അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ഇതോടെ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാനും അവർക്കായി.
ഒമ്പതാം മിനിറ്റിൽ അലക്സാൺഡ്രോ ഗോമസാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. മെസ്സി തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. മെസ്സിയിൽ നിന്ന് പന്ത് ലഭിച്ച ഏയ്ഞ്ചൽ ഡി മരിയയുടെ അളന്നുമുറിച്ച പാസ് ഗോമസ് കൃത്യമായി ഫിനിഷ് ചെയ്തു.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ പാരഗ്വായ് പ്രതിരോധ താരങ്ങളുടെ പിഴവിൽ അർജന്റീന മുന്നിലെത്തേണ്ടതായിരുന്നു. പാരഗ്വായ് താരങ്ങൾ ഹെഡ് ചെയ്ത പന്ത് നേരേ ചെന്നുവീണത് ബോക്സിലുണ്ടായിരുന്ന അഗ്വേറോയ്ക്ക് മുന്നിൽ. പക്ഷേ താരത്തിന് ലക്ഷ്യം കാണാനായില്ല.
ഗോൾ വീണതോടെ ഉണർന്നുകളിച്ച പാരഗ്വായ് മികച്ച അഞ്ചോളം അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചു. പക്ഷേ ഫിനിഷിങ്ങിൽ അവർക്ക് പിഴയ്ക്കുകയായിരുന്നു.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡി മരിയയുടെ ഷോട്ട് പാരഗ്വായ് ഗോൾകീപ്പർ ആന്റണി സിൽവ രക്ഷപ്പെടുത്തി. ഇതിനു പിന്നാലെ അർജന്റീനയുടെ ഗോൾ ശ്രമത്തിനിടെ പാരഗ്വായ് ഡിഫൻഡർ അലൊൻസോയുടെ കാലിൽ തട്ടി പന്ത് വലയിലെത്തിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിരസിക്കപ്പെട്ടു.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനുറച്ചുള്ളതായിരുന്നു പാരഗ്വായ് താരങ്ങളുടെ മുന്നേറ്റങ്ങൾ. നിരവധി അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ്ങിലെ പിഴവ് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ അർജന്റീന നിരയെയാണ് കാണാൻ സാധിച്ചത്.ജയത്തോടെ ഏഴു പോയന്റുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു പാരഗ്വായ് മൂന്നാം സ്ഥാനത്താണ്.