ലഭിച്ച കാര്‍ മോശമെന്ന് പറഞ്ഞ് മകളെ തല്ലിചതച്ചു, പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ചിരുന്നു-അച്ഛന്‍
ചടയമംഗലം :വിവാഹവാർഷികം ആഘോഷമായി നടത്തിയ നിലമേൽ കൈതോട് സ്വദേശിയായ വിസ്മയ ഭർത്തൃഗൃഹത്തിൽ ആത്മഹത്യചെയ്യേണ്ടിവന്നതിന്റെ നടുക്കത്തിലാണ് ബന്ധുക്കൾ. കഴിഞ്ഞവർഷം മേയ് 31-നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മേയ് മാസം വിവാഹവാർഷികം ആഘോഷമായി നടത്തിയതായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞു.
ജനുവരിവരെയും അധിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മകൾക്കുകൊടുത്ത കാറിനെച്ചൊല്ലി ഇരുവരും തമ്മിൽ അസ്വാരസ്യമുണ്ടായി. കാർ വിറ്റ് പണംവേണമെന്ന് കിരൺ ആവശ്യപ്പെട്ടു. പതിനൊന്നരലക്ഷം രൂപയുടെ കാർ മോശമാണെന്നും കാറിന്റെ പണം കൊടുക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം മകളോട് വഴക്കുണ്ടാക്കുമായിരുന്നു. ക്രൂരമായി മർദിച്ചു. സ്ത്രീധനത്തെച്ചൊല്ലിയും ഉപദ്രവിക്കുമായിരുന്നു. ഏറ്റവുമൊടുവിൽ പന്തളത്ത് മന്നം ആയുർവേദ മെഡിക്കൽ കോളേജിൽ അവസാനവർഷ പരീക്ഷയ്ക്ക് പോയപ്പോഴാണ് മകളെ കിരൺ കൂട്ടിക്കൊണ്ടുപോയതെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു.
വിസ്മയയുടെ സഹോദരനും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ വിജിത്തുമായും മുൻപ് കിരൺ വഴക്കുണ്ടാക്കി. നാലുമാസംമുൻപുനടന്ന വിജിത്തിന്റെ വിവാഹത്തിൽ കിരൺ പങ്കെടുത്തില്ല. മകൾക്ക് ബിരുദാനന്തര ബിരുദത്തിന് പഠിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു.
ഒന്നും പൂർത്തിയാക്കാനായില്ല-ത്രിവിക്രമൻ നായർ പറഞ്ഞു. നിലമേൽ കൈതോട്ടുള്ള വിസ്മയയുടെ വീട്ടിൽവെച്ചും കിരൺ പലവട്ടം വഴക്കിട്ടതായി ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് പോലീസ് കേസുവരെയുണ്ടായി. പിന്നീടാണ് കൈതോട്ട് വരാതായത്.ത്രിവിക്രമൻ നായർ 26 കൊല്ലം ഗൾഫിൽ സൂപ്പർവൈസറായിരുന്നു.