കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂര്‍ ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. ‘അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബിഡി കമ്പനിയില്‍ 26 ലേബര്‍ തൊഴിലാളികളുണ്ടായിരുന്നു. ഈ 26 തൊഴിലാളികളെ ഒരു സുപ്രഭാതത്തില്‍ പിരിച്ച് വിട്ടിരുന്നു.
അന്ന് നാഷണല്‍ ബീഡി ആന്റ് സിഗര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഞാന്‍. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു അന്ന്. ഇതിന്റെ ഭാഗമായുള്ള കാല്‍നട പ്രചാരണ ജാഥയുടെ ഉദ്ഘാടനത്തിനായി ഞാനും, കഴിഞ്ഞ ദിവസം മരണപ്പെട്ട ബാബു മാസ്റ്ററും വഴിയില്‍ നില്‍ക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ആയുധധാരികള്‍ വന്നു.
താനാണോടോ ജാഥ ലീഡര്‍ എന്ന് പറഞ്ഞ് പിണറായി വിജയന്‍ എന്നെ വെട്ടി. കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈയ്ക്ക് മുറിവ് സംഭവിച്ചു’- അദ്ദേഹം പറഞ്ഞു.