ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 1823 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ 34,007 ആയി. ആകെ രോഗികളില്‍ 10,498 പേരും മഹാരാഷ്ട്രയിലാണ്.ഇപ്പോഴത്തെ നിരക്കില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 37 ദിവസം കൂടുമ്പോള്‍ ഇരട്ടിയാകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ആശ്വാസം പകരുന്നതാണ്.മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം അതിവേഗം ഇരട്ടിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ 11 ദിവസം വേണ്ടിവരുമ്പോള്‍ അതിലും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് ഈ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത്.
അതേസമയം ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ രോഗമുക്തി നിരക്കുയര്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് 13% പേരാണു രോഗമുക്തരായിരുന്നതെങ്കില് ഇപ്പോഴത് 25.19% പേരാണ്. നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് 3.2 ശതമാനമാണ്. മരിച്ചവരില്‍ 65 ശതമാനവും പുരുഷന്മാരാണ്. 86% പേര്‍ക്കും മറ്റ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നു.ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് ഏഴ് ശതമാനമാണ്.രാജ്യത്ത് ഇതുവരെ ആകെ 8324 പേര് രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 630 പേര് രോഗമുക്തരായതായും കേന്ദ്രം അറിയിച്ചു.