33.4 C
Kottayam
Monday, May 6, 2024

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനായി സ്വന്തമായി കപ്പലുകളുള്ള വ്യവസായി,കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ,അറയ്ക്കല്‍ ജോയിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതെന്ന് സൂചന

Must read

വയനാട്:കൊവിഡ് സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് ലോക എണ്ണ വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നിന്റെ ഉടമയായ ജോയ് അറയക്കലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഗള്‍ഫില്‍ നിന്നും പുറത്തുവരുന്ന വിവരം.

ഒന്നുമില്ലായ്മയില്‍നിന്ന് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ജോയ് അറയ്ക്കല്‍. യു.എ.ഇ.യിലും ഇതര ജി.സി.സി. രാജ്യങ്ങളിലുമായി പതിനൊന്ന് കമ്പനികളാണ് ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ വ്യവസായസംരംഭങ്ങളുണ്ട്.പെട്രോളിയം ബിസിനസ്സ് ആയിരുന്നു ജോയിയുടെ പ്രധാന ബിസിനസ് മേഖല. പെട്രോളിയം മേഖലയിലെ ബിസിനസ് സംരംഭം വിപുലപ്പെടുത്താന്‍ ജോയി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അദ്ദേഹം കൂടുതലായി നടത്തിയിരുന്നുവെന്നാണ് സൂചന. ഇതിനിടയിലാണ് കോവിഡ്-19 വ്യാപിച്ചത്. ലോക രാജ്യങ്ങള്‍ ലോക്ഡൗണിലായതോടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഇടിഞ്ഞു. ഇതോടെ ജോയ് വലിയ പ്രതിസന്ധിയിലായി.ഇതാണ് അദ്ദേഹത്തെ സ്വന്തം ജീവനെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അഞ്ച് ദിവസം മുമ്പാണ് വ്യവസായിയും മലയാളിയുമായ അറയ്ക്കല്‍ ജോയി ദുബായില്‍ മരിച്ച വിവരം പുറത്തുവരുന്നത്. സ്വാഭാവിക മരണം എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.
ദുബായ് ആസ്ഥാനമായ ഇന്നോവ റിഫൈനറി ആന്റ് ട്രേഡിംങ് കമ്പനിയുടെ മാനേജിംങ് ഡയറക്ടറാണ് അറയ്ക്കല്‍ ജോയ്. ക്രൂഡോയിലിന്റെ വിലയിലുണ്ടായ തകര്‍ച്ചയില്‍ ജോയ് വിഷാദത്തിലായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ വീട്ടില്‍ പോയി അവിടെവെച്ചാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്.

മാനന്തവാടി വാഞ്ഞോട് സ്വദേശിയാണ് ജോയി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പങ്കെടുത്തിരുന്ന ജോയ് നാട്ടുകാര്‍ക്കിടയില്‍ ഏറെ ജനസമ്മതനായിരുന്നു. എം.കോം ബിരുദധാരിയായ ഇദ്ദേഹം ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലെ ഒരു ഹോട്ടലില്‍ മാനേജറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 90-കളിലാണ് ദുബായിലെത്തുന്നത്. ആദ്യം ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലായിരുന്നു ജോലി. പിന്നീട് അതേ കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരായി. പിന്നീട് മറ്റൊരു കമ്പനിയില്‍ സാമ്പത്തിക പങ്കാളിയായാണ് ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചത്. അവിടെ ഒരു ഷേയ്ഖിന്റെ വിശ്വസ്തനായി മാറിയ ജോയ് പിന്നീട് വ്യവസായ മേഖലയില്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

അറയ്ക്കല്‍ കമ്പനിക്ക് ഷാര്‍ജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളില്‍ എണ്ണ ശുദ്ധീകരണശാലകളുണ്ട്. എണ്ണ സംഭരിച്ച് വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതടക്കമുള്ള ബിസിനസ് സംരംഭങ്ങളും ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിനുണ്ടായിരുന്നു. ക്രൂഡ് വിലയിലുണ്ടായ വന്‍ ഇടിവ് ജോയ് അറയ്ക്കലിനെ ഉലച്ചു കളഞ്ഞത് ആ മേഖലയില്‍ അദ്ദേഹം വലിയ തോതില്‍ മുതല്‍മുടക്കിയതുകൊണ്ടാവാമെന്നാണ് സൂചന. ഷാര്‍ജ, ദുബായ്, ദമാം എന്നിവിടങ്ങളില്‍ എണ്ണ സംഭരണ കേന്ദ്രങ്ങളും ജോയ് അറയ്ക്കലിന്റെ കമ്പനിക്കുണ്ടായിരുന്നു. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ ‘കപ്പല്‍ജോയി’ എന്ന വിളിപ്പേരും സമ്പാദിച്ചു.ഇന്ത്യയില്‍ 11 കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു ജോയ് അറയ്ക്കല്‍.

പ്രളയത്തെ തുടര്‍ന്ന് വീടു നഷ്ടപ്പെട്ട 25 പേര്‍ക്ക് വയനാട്ടിലെ തലപ്പുഴയില്‍ വീട് നിര്‍മ്മിച്ചു വരികയായിരുന്നു. വയനാട്ടിലെ ചെറുകിട തേയില കര്‍ഷകരെ സഹായിക്കുന്നതിനായി രൂപീകരിച്ച കമ്പനിയുടെ ഭാഗവുമായിരുന്നു ജോയ് അറയ്ക്കല്‍. ഇദ്ദേഹം മാനന്തവാടിയില്‍ പണി കഴിപ്പിച്ച 45000 ചതുരശ്ര അടിയുള്ള വീട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്സ്‌കേപ്പും ഒരുക്കിയത്. 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം ഇവിടേക്ക് താമസമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week