തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഇതു സംബന്ധിച്ച് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കിയതായി ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍.
ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ.
മുന്‍ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയില്‍ നിന്ന് മുഴങ്ങുവാന്‍, ഒരു ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കുവാന്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.
ലക്ഷദ്വീപില്‍ തീവ്രവാദി സാന്നിധ്യമെന്ന് പരാമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്ത് എത്തിയിട്ടുണ്ട്. ദ്വീപില്‍ ബീഫ് നിരോധിച്ചെന്നത് കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണ്. ഒരേ ഭാഗത്ത് നിന്ന് ആളുകള്‍ വാര്‍ത്തയുണ്ടാക്കി രാജ്യത്തിനെതിരേ പ്രയോഗിക്കുകയാണ്. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.