തിരുവനന്തപുരം: കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥിനെ യു.ഡി.എഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരം ഏകകണ്ഠേനയാകില്ല എന്നുറപ്പായി.
എം.ബി രാജേഷ് ആണ് ഇടതുമുന്നണി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി.
കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജെ. മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് പി.സി വിഷ്ണുനാഥ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം താന്‍ കെ.പി.സി.സി അധ്യക്ഷനാവുമെന്ന വാര്‍ത്ത തെറ്റെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. താന്‍ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ വി.ഡി സതീശന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും പരാജയത്തിന്റെ കാര്യങ്ങള്‍ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.