കൊച്ചി:മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കാൻ അനിവാര്യമായിട്ടുള്ളത് ഗവർണറും പ്രതിജ്ഞാ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രം. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ.മാരുടെ സാന്നിധ്യംപോലും അനിവാര്യമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രിപ്പിൾ ലോക്ഡൗൺ അടക്കം പ്രഖ്യാപിച്ചിരിക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രതികരണങ്ങൾ.
ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ് സംസ്ഥാന മന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് വിവരിക്കുന്നത്. മന്ത്രിയുടെ ഉദ്യോഗം സംബന്ധിച്ച പ്രതിജ്ഞയും മന്ത്രിയെന്നനിലയിലുള്ള രഹസ്യ പരിപാലന ശപഥവുമാണ് ഗവർണറുടെ സാന്നിധ്യത്തിൽ എടുക്കേണ്ടത്. ഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞചെയ്യുന്ന മന്ത്രിമാർ ഓത്ത് രജിസ്റ്ററിൽ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ എത്തി ചുമതല ഏറ്റെടുക്കുന്നതോടെ അവസാനിക്കുന്നതാണ് ഈ ചടങ്ങ്.
ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരേ ഇതിന് ആവശ്യമുള്ളൂ. പിന്നെ ആവശ്യമുള്ളത് മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലെ ഡ്രൈവർമാരാണ്. ഒരു മന്ത്രിക്ക് സത്യപ്രതിജ്ഞചെയ്യാൻ ഏറിയാൽ ആവശ്യമുള്ളത് അഞ്ചു മിനിറ്റാണ്. 21 മന്ത്രിമാർക്ക് സത്യപ്രതിജ്ഞചെയ്യാൻ രണ്ടു മണിക്കൂർ സമയംമതി.
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇത്തവണ അധികാരമേറ്റപ്പോൾ ഏതാനുംപേർ മാത്രമാണ് പങ്കെടുത്തത്. സുപ്രീംകോടതിയുടെ 48-ാം ചീഫ് ജസ്റ്റിസായി എൻ.വി. രമണ രാഷ്ട്രപതിഭവനിലെ അശോകാ ഹാളിൽ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റപ്പോൾ ഹാളിൽ സന്നിഹിതരായത് 30-ൽ താഴെ പേർ മാത്രമാണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വലിയ സ്റ്റേഡിയത്തിൽ 500 പേരെ സംഘടിപ്പിക്കാനുള്ള തീരുമാനം തെറ്റാണെന്ന് പറയാനാകില്ല. നിയമപരമായ പ്രശ്നത്തേക്കാൾ ഔചിത്യമാണ് ഇവിടെ വിഷയം. ആളുകളെ കുറച്ചിരുന്നെങ്കിൽ വലിയ സന്ദേശമായിമാറിയേനെ സുപ്രീംകോടതി ഹൈക്കോടതി അഭിഭാഷകൻ കാളീശ്വരം രാജ്
പറയുന്നു.
സാധാരണ സാഹചര്യത്തിൽ ജനകീയമാമാങ്കമായി സത്യപ്രതിജ്ഞ നടത്തുന്നതിൽ തെറ്റില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രീയ ധാർമികതയാണ് വിഷയമെന്ന്
സുപ്രീംകോടതി അഭിഭാഷകൻ എം.ആർ. അഭിലാഷ് പറയുന്നു.