തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനേത്തുടര്‍ന്ന് സംസ്ഥാനത്തെ
ബാറുകളും മദ്യവില്‍പനശാലകളും അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. ബിവറേജസ് വെയര്‍ഹൗസില്‍നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാനാണ് നിയമഭേദഗതി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിയമപരമായി അനുവദനീയമായ അളവില്‍ മദ്യം നല്‍കാമെന്ന് ഭേദഗതിയില്‍ പറയുന്നു.
എറണാകുളത്ത് രണ്ട് വെയര്‍ഹൗസുകളും മറ്റ് ജില്ലകളില്‍ ഓരോ വെയര്‍ഹൗസുകളുമാണ് നിലവിലുള്ളത്. ഇവിടെ നിന്ന് വ്യക്തികള്‍ക്ക് മദ്യം ഇതുവരെ നല്‍കിയിരുന്നില്ല. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്കും ബാറുകള്‍ക്കുമാണ് ഇവിടെനിന്ന് മദ്യം നല്‍കിയിരുന്നത്. ഇതിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവിതരണം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തല്‍.
ഏപ്രില്‍ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം മദ്യം കിട്ടാതെ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വിതരണം ചെയ്യുന്നതിനാണ് ചട്ടം ഭേദഗതി ചെയ്തത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറിപ്പോടെ മദ്യവിതരണം ചെയ്യാനുള്ള നീക്കം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.
ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ വഴി വെയര്‍ഹൗസുകളില്‍നിന്ന് മദ്യം വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. കുറഞ്ഞ മദ്യമാണ് നല്‍കാന്‍ തീരുമാനിച്ചത്. വീട്ടിലെത്തിക്കുന്ന മദ്യത്തിന് 100 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനത്തെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ എതിര്‍ത്തു. പിന്നീട് കോടതിയും ഈ നീക്കം തടഞ്ഞതോടെ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയി.