കൊച്ചി: ലക്ഷദ്വീപിനു സമീപം അപകടത്തില്‍പ്പെട്ടു കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ കണ്ടെത്തി. കടമത്ത് ദ്വീപില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ഇവര്‍ ദ്വീപില്‍ നിന്തിക്കയറുകയായിരുന്നു. കണാതായ ഒരാളെക്കുറിച്ച് വിവരമില്ല. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട നാഗപട്ടണം സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റും മഴയുമാണ് അപകടത്തിനു കാരണം. കഴിഞ്ഞ 29ന് കൊച്ചിയിലെ വൈപ്പിന്‍ ഹാര്‍ബറില്‍ നിന്നാണു ബോട്ട് പുറപ്പെട്ടത്.
ബോട്ടിലുണ്ടായിരുന്ന ഏഴുപേര്‍ നാഗപട്ടണം സ്വദേശികളും രണ്ടുപേര്‍ ഉത്തരേന്ത്യക്കാരുമാണ്. ബോട്ടുടമ മണിവേല്‍, സഹോദരന്‍ മണികണ്ഠന്‍, ഇരുമ്പന്‍, മുരുകന്‍, ദിനേശ്, ഇലഞ്ചയ്യന്‍, പ്രവീണ്‍ എന്നിവരാണ് കാണാതായ നാഗപട്ടണം സ്വദേശികള്‍. മറ്റുരണ്ടുപേരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഗില്ലറ്റ് ബോട്ടാണു ആണ്ടവര്‍ തുണൈ.
ബോട്ടിലെ സ്രാങ്കുകൂടിയാണു മണിവേല്‍. ഇന്നലെ രാവിലെ ബോട്ട് അപകടത്തില്‍പെട്ടത് സമീപത്തുണ്ടായിരുന്ന രാഗേഷ് 1, രാഗേഷ് 2 എന്നീ രണ്ട് ബോട്ടുകളിലെ തൊഴിലാളികളുടെ ശ്രദ്ധ യില്‍പ്പെട്ടെങ്കിലും അനുകൂല കാലാവസ്ഥയല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.
രാവിലെ 11.45 ഓടെ ലക്ഷദ്വീപിലെത്തിയ ഇവര്‍ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടു ത്തി.ലഭിച്ച വിവരം അനുസരിച്ച് അമിനി ദ്വീപ് പോലീസ് തെരച്ചിലിനു നാവിക സേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായം തേടി.