കൊച്ചി: മെഡിക്കല്‍ കോളേജുകളിലെയടക്കം സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ ഇന്നു മുതല്‍ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്ക് മാത്രമായി ചുരുങ്ങും.ആര്‍.എസ്.ബി.വൈ,ചിസ് പ്ലസ് പദ്ധതികളില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമാവും ഇനി സൗജന്യം ചികിത്സാപരിധിയില്‍ ഉള്‍പ്പെടുക.ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയാല്‍ കാര്‍ഡില്ലാത്തവരുടെ മടിശീല കാലിയാവും.
ആര്‍ എസ് ബി വൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്കും കാരുണ്യ ബനെവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍ സാക്ഷ്യ പത്രം നല്‍കിയാല്‍ ഏത് തരം രോഗങ്ങള്‍ക്കും ശസ്ത്രക്രിയകള്‍ക്കും കാരുണ്യയില്‍ നിന്ന് പരമാവധി മൂന്ന് ലക്ഷം രൂപ വരെ അനുവദിച്ചിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും ആശുപത്രികളുടെ അക്കൗണ്ടിലേക്കാണ് പണം എത്തിക്കുന്നത്. ഈ സൗജന്യമാണ് ഇപ്പോള്‍ നിലച്ചത്. ഇന്നലെ വരെ അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാകും കാരുണ്യ വഴിയുള്ള ചികിത്സ ലഭിക്കുകയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. കാലാവധി ഡിസംബര്‍ 31 വരെയും
നിലവില്‍ ആര്‍ എസ് ബി വൈ, ചിസ് പ്ലസ് പദ്ധതികളുടെ ആനുകൂല്യം കിട്ടിയിരുന്നവര്‍ക്ക് മാത്രമാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയില്‍ ചേരാനാകുക. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന മറ്റുള്ളവരുടെ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സ ഇനി എങ്ങനെ എന്നതില്‍ അവ്യക്തത തുടരുകയാണ്. ചെലവ് കൂടിയ ഹൃദയ ശസ്ത്രക്രിയകള്‍ക്കും അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കും വിധേയരാകുന്ന രോഗികളെ ഇത് സാരമായി ബാധിക്കും.