ജനീവ: കൊവിഡ് വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നല്ലെന്നും വവ്വാലില്‍ നിന്നാകും രോഗവ്യപനമെന്നും ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വൈറസിന് പ്രകൃതിദത്ത ഉറവിടമുണ്ടെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യസംഘടന വക്താവ് ഫെഡെല ചൈബ് വ്യക്തമാക്കി. ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ഫെഡെല ചൈബ് പറഞ്ഞു. എന്നാല്‍ കൊറോണയുടെ വ്യാപനമുണ്ടായത് ചൈനീസ് ലബോറട്ടറിയില്‍ നിന്നാണെന്ന നിഗമനത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ബ്രിട്ടണില്‍ ഇന്നലെ മാത്രം 828 പേര്‍ക്കാണ് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇറ്റലി,സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മരണനിരക്ക് കുറയുന്നുണ്ട്. ഇറ്റലിയില്‍ 534 പേരാണ് ഇന്നലെ മരിച്ചത്. സ്പെയിനില്‍ 430ഉം, ഫ്രാന്‍സില്‍ 531പേര്‍ക്കും ഇന്നലെ കൊവിഡ് ബാധമൂലം ജീവന്‍ നഷ്ടമായി. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം 52,763 ആയി. ഇറാനില്‍ ഇന്നലെ 1297 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം ഉയരുകയാണ്. ബ്രസീലില്‍ ഇന്നലെ 2336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 154പേര്‍ക്ക് ജീവന്‍ നഷ്ടമായി. ചിലിയിലും, ഇക്വഡോറിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്.
അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 2715 പേര്‍ക്ക് വൈറസ് ബാധമൂലം ജീവന്‍നഷ്ടമായി. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 45,229ആയി. ഇന്നലെ മാത്രം 24428 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.