തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ വയനാട് വരെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന അലര്‍ട്ടില്‍ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ചത്തേക്ക് പ്രഖ്യാപിച്ച് റെഡ് അലര്‍ട്ടില്‍ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴയ്ക്കും കടല്‍ക്ഷോഭത്തിനും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകും. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറും. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം. വൈകിട്ടോടെ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പാതയില്‍ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത.
മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കേരളത്തിനും ലക്ഷദ്വീപിനും സമീപത്ത് കൂടിയുള്ള കപ്പല്‍ ഗതാഗതം നിരോധിച്ചു. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ക്കും നാവിക സേന താവളങ്ങള്‍ക്കും മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.