ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹോട്ട്‌സ്പോട്ടുകളില്‍ മാറ്റം വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ട് ആക്കിയാണ് പുതിയ ഉത്തരവ്. ഇവിടങ്ങളില്‍ പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഓറഞ്ച് വിഭാഗത്തിലാണ് ആലപ്പുഴ ജില്ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതിന് പിന്നാലെ ജനജീവിതം സാധാരണ നിലയിലായി. മിക്ക സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങി.
ചികിത്സയിലായിരുന്ന രണ്ടുപേരുടെ കൂടി ഫലം നെഗറ്റീവ് ആയതോടെ ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമായിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് രോഗം ബാധിച്ച ചെങ്ങന്നൂര്‍ സ്വദേശികളാണ് ഇന്നലെ ആശുപത്രി വിട്ടത്. നിലവില്‍ ആശുപത്രിയിലും വീടുകളിലുമായി 2973 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.