24.7 C
Kottayam
Sunday, May 19, 2024

തടവുചാടിയ യുവതികള്‍ പിടിയില്‍,പോലീസിനെ വട്ടം കറക്കിയ തടവുകാരികള്‍ക്ക് പിഴച്ചതെവിടെ

Must read

തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലില്‍ അതിസാഹസികമായി രക്ഷപ്പെട്ട രണ്ടുയുവതികളും ഓടുവില്‍ പോലീസ് പിടിയിലായി. സാമ്പത്തിക തട്ടിപ്പു കേസ് പ്രതികളായ കല്ലറ കഞ്ഞിനട വെള്ളിയം സ്വദേശം തെക്കുകര പുത്തന്‍ വീട്ടില്‍ ശില്‍പമോള്‍, തച്ചോട് അച്യുതന്‍മുക്ക് സജിവിലാസത്തില്‍ സന്ധ്യ എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്. ഇന്നലെ രാത്രി തിരുവനന്തപുരം പാലോടുനിന്ന് റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഷാഡോ പോലീസാണ് ഇരുവരെയും പിടികൂടിയത്.

ശില്‍പ്പയുടെ വീട്ടിലേക്കു പോകുന്നതിനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും കുടുങ്ങിയത്.വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് അന്വേഷണത്തില്‍ പോലീസിന് പിടിവള്ളിയായത്.ജയില്‍ ചാടിയ ശേഷം യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍ മുങ്ങിയെന്ന് ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജയില്‍ ചാടിയ യുവതികള്‍ നേരെ ആശുപത്രിയിലെത്തിയത് അടുപ്പക്കാരില്‍ നിന്നും പണം തരപ്പെടുത്താനായിരുന്നുവെന്ന് പൊലീസ് കരുതുന്നു. യുവതികളിലൊരാളായ സന്ധ്യ മുന്‍പ് താത്കാലിക ജീവനക്കാരിയായി ഇവിടെ ജോലിചെയ്തിരുന്നു. ആശുപത്രി പരിസരത്തുനിന്നും രക്ഷപ്പെട്ട യുവതികള്‍ തമിഴ്നാട് ഭാഗത്തേക്ക് സഞ്ചരിച്ചതായി സൂചന ലഭിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

ഇരുവരെയും രക്ഷപെടാന്‍ സഹായിച്ചെന്നുകരുതുന്ന സഹതടവുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി വനിതാ ജയിലില്‍നിന്നു രണ്ടു തടവുകാര്‍ രക്ഷപ്പെട്ട സംഭവം ഏറെ വിവാദമായതോടെ പോലീസ് ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച കേസിലാണു ശില്‍പ്പ പിടിയിലായത്.

ചെറിയ കേസുകളില്‍ പിടിക്കപ്പെട്ട വനിതകള്‍ ജയില്‍ ചാടിയത് എന്തിനെന്നതു പുറത്തുവരേണ്ടതുണ്ട്. ചെറിയ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്കാണ് ഇവര്‍ വിചാരണ കാത്തിരുന്നത്.അട്ടക്കുളങ്ങര ജയിലിന് അകത്തും പുറത്തും സി.സി.ടി.വി ക്യാമകറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കേ ഇവര്‍ രക്ഷപ്പെട്ടത് സേനയ്ക്ക് നാണക്കേടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week