:തിരുവനന്തപുരം: സിനിമാതിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ് ,നീന്തൽക്കുളം, വിനോദപാർക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം തല്ക്കാലം വേണ്ടെന്ന് വെക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നതാണ് സർവകക്ഷിയോഗത്തിന്റെ പൊതു അഭ്യർഥനയെന്നും അദ്ദേഹം പറഞ്ഞു. സർവകക്ഷിയോഗത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും അടുത്തദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ അതുമായി ബന്ധപ്പെട്ട ചുമതലയുളളവർ മാത്രം പോയാൽ മതി. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണല്ലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികളുടെ കൗണ്ടിങ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമേ പ്രവേശനമുളളൂ. രണ്ടുഡോസ് വാക്സിനെടുത്തവർക്കും 72 മണിക്കറിനകം നടത്തിയ ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവ് ആയവർക്കും മാത്രമായി വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുളള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിക്കണം.
എല്ലാവിധ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുളള മാർഗങ്ങളിൽ പ്രധാനം.അടച്ചിട്ട സ്ഥലങ്ങളിൽ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണം. വിവാഹചടങ്ങുകൾക്ക് 75 പേരെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ പരിപാടികൾ നടത്തുന്നതിന് മുൻകൂറായി കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ എന്ന് നിജപ്പെടുത്തി. ഒരുകാരണവാശാലും പരാമവധിയിൽ അപ്പുറം പോകാൻ പാടില്ല.
ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ ആവശ്യമുണ്ട്. റമദാൻ കാലമായതിനാൽ പളളികളിൽ പൊതുവേ ആളുകൾ കൂടാൻ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുളളൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം ഇതിലും ചുരുക്കണം. ഇക്കാര്യം ജില്ലാകളക്ടർമാർ അതാതിടത്തെ മതനേതാക്കന്മാരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. നമസ്കരിക്കാൻ പോകുന്നവർ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്തുന്നതിന് പൈപ്പുവെള്ളം ഉപയോഗിക്കണം. പല പളളികളും ഇത്തരം നിയന്ത്രണങ്ങൾ നേരത്തേ പാലിച്ചതാണ്. ആരാധാനാലയങ്ങളിൽ ഭക്ഷണവും തീർഥവും നൽകുന്ന സമ്പ്രദായവും തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
എല്ലാ യോഗങ്ങളും ഓൺലൈൻ വഴി മാത്രമേ നടത്താനാവൂ.സർക്കാർ ഓഫീസുകളിൽ അമ്പതുശതമാനം ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ,പോലീസ് വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റു ഓഫീസുകളും നിർബന്ധമായും എല്ലാ ദിവസവും പ്രവർത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം. ജനിതകമാറ്റം വന്നതും തീവ്രരോഗവ്യാപനശേഷിയുളളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങൾ പൂർണമായും അടച്ചിടേണ്ടി വന്നിട്ടുണ്ട്.
ആൾക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം. വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സർവീസുകൾ മാത്രമേ അന്ന് അനുവദിക്കൂ. സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ,സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈൻ മതിയെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾ താമസിക്കുന്ന ഹേസ്റ്റലുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മാർക്കറ്റുകളും മാളുകളും രണ്ടുദിവസം പൂർണമായും അടച്ചിടും. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ തോത് അനുസരിച്ച് ഇത്തരം അടച്ചിടലുകൾ കൂടുതൽ ദിവസത്തേക്ക് വേണ്ടതുണ്ടെങ്കിൽ കൂടുതൽ ദിവസത്തേക്ക് അടച്ചിടും.
രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ചുവരെയുളള രാത്രികാല നിയന്ത്രണം ഏപ്രിൽ 20 മുതൽ സംസ്ഥാനത്ത് നിലവിലുണ്ട്. ഈ സമയങ്ങളിൽ ഒരു തരത്തിലുളള ഒത്തു ചേരലും പാടില്ല. എന്നാൽ അവശ്യ സേവനങ്ങൾക്കും ആശുപത്രികൾ മരുന്നു ഷോപ്പുകൾ പാൽവിതരണം മാധ്യമങ്ങൾ എന്നിവയ്ക്കും ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. കടകളും റെസ്റ്റോറന്റുകളും രാത്രി 7.30വരെയാണ് പ്രവർത്തിക്കുന്നത്. ആ നിയന്ത്രണവും തുടരേണ്ടി വരും. എന്നാൽ രാത്രി 9 വരെ റെസ്റ്റോറന്റുകൾക്ക് ഭക്ഷണം പാഴ്സലായി നൽകാം. കടകൾ പ്രവർത്തിക്കുമ്പോൾ ആളുകളുമായുളള സമ്പർക്കം പരമാവധി കുറക്കണം. ഹോം ഡെലിവറി നടത്താൻ സ്ഥാപനങ്ങൾ തയ്യാറാകണം.
റേഷൻകടകളുടെ പ്രവർത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.