തിരുവനന്തപുരം:രണ്ടാം തരംഗത്തിൽ ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യമാണ് പ്രധാന പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു സംസ്ഥാനങ്ങളിൽ വരുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കണം. അതിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആൾക്കൂട്ടം ഒഴിവാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി നടപ്പിൽ വരുത്തുന്നുവെന്ന് ഓരോ തദ്ദേശ സ്ഥാപനവും മത്സര ബുദ്ധിയോടെ പ്രവർത്തിക്കണം.
എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവ്വതത്തിന് മുകളിലാണ് നാമിരിക്കുന്നത് എന്നത് നാം ഓർക്കണം. സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ യാന്ത്രികമായി ചെയ്യുന്നതിന് പകരം സ്വയം ഏറ്റെടുത്ത് അംഗീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.