23.4 C
Kottayam
Sunday, November 24, 2024

ഓക്സിജന്‍ ഇല്ല, കിടക്കകള്‍ ഇല്ല, വെന്റിലേറ്റര്‍ ഇല്ല; നിഷ്ക്രിയമായ കേന്ദ്ര ഭരണകൂടം,25 ലക്ഷം രോഗികൾ പ്രാണനായി കേഴുന്നു

Must read

ന്യൂഡൽഹി:ലോകത്ത് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വാക്സിനിലൂടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാൻ കഴിയുമെന്ന രാജ്യത്തിന്റെ ആത്മവിശ്വാസത്തെ ആശങ്കയിലാഴ്ത്തുന്ന വാർത്തകളാണ് എങ്ങും. ആശുപത്രികൾ നിറഞ്ഞിരിക്കുന്നു, പുറത്ത് സ്വകാര്യ വാഹനങ്ങളിലും ആംബുലൻസിലും കാത്തുകിടക്കുന്ന അടിയന്തര ചികിത്സ ആവശ്യമുളള രോഗികൾ, ശ്മശാനങ്ങളിൽ സംസ്കാരചടങ്ങുകൾക്കായി ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങൾ.

രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാണവായുവില്ലാതെ, കിടക്കകളില്ലാതെ, വെന്റിലേറ്റർ സംവിധാനങ്ങളില്ലാതെ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ കിതച്ചു തുടങ്ങിയിരിക്കുന്നു. 24,28,616 സജീവ രോഗികളാണ് ഇന്ന് ഇന്ത്യയിലുളളത്, ഇവർക്കുളള പ്രാണവായുവിനായി നെട്ടോടമോടുകയാണ് രാജ്യം.

ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതിനാൽ 24 മണിക്കൂറിനിടയിൽ ഡൽഹി ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചെന്ന വാർത്തയുമായാണ് ഇന്ന് നേരം പുലർന്നത്. രണ്ടു മണിക്കൂർ നേരത്തേക്കുളള ഓക്സിജൻ മാത്രമേ അവശേഷിക്കുന്നുളളൂവെന്നും 60 രോഗികളുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്നുമുളള ആശുപത്രി ഡയറക്ടറുടെ അഭ്യർഥനയ്ക്ക് പിറകേ ഓക്സിജൻ ടാങ്കറുകൾ പാഞ്ഞു.

ബുധനാഴ്ച നാസിക്കിലെ ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ചോർച്ചയെ തുടർന്ന് മതിയായ ഓക്സിജൻ ലഭിക്കാതെ മരിച്ചത് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന 24 രോഗികളാണ്. മധ്യപ്രദേശിൽ ഓക്സിജൻ സിലിണ്ടറുകൾ കൊളളയടിക്കപ്പെട്ടു. ഉത്തർപ്രദേശിൽ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി.

‘കിടക്കകളില്ല, ഓക്സിജനില്ല. മറ്റു പ്രശ്നങ്ങളെല്ലാം രണ്ടാമത്തേതാണ്.’ അശോക സർവകലാശാലയിലെ വൈറോളജിസ്റ്റും ത്രിവേദി സ്കൂൾ ഓഫ് ബയോ സയൻസസ് ഡയറക്ടറുമായ ഷാഹിദ് ജമീൽ പറയുന്നു. ലഖ്നൗ മുതൽ ഡൽഹി വരെ നിരവധി ആശുപത്രികളാണ് ഓക്സിജൻ കഴിഞ്ഞതായി കാണിച്ച് നോട്ടീസ് പതിച്ചിരിക്കുന്നത്. ഡൽഹിയിലെ ആറ് ആശുപത്രികളിൽ പൂർണമായും ഓക്സിജൻ തീർന്നതായി സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഓക്സിജൻ ക്ഷാമമുളളതിനാൽ തന്നെ പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല.

ഒരാഴ്ച മുമ്പാണ് ഇന്ത്യയിലെ ഓക്സിജൻ ഉല്പാദനത്തിന്റെ അറുപത് ശതമാനത്തിൽ താഴെ മാത്രമാണ് രാജ്യം ഉപയോഗിക്കുന്നതെന്ന പ്രസ്താവന കേന്ദ്രം നടത്തിയത്. രാജ്യത്ത് പ്രതിദിനം 7127 മെട്രിക് ടൺ ഓക്സിജനാണ് ഉല്പാദിപ്പിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കിയത്. ഓക്സിജൻ ഉപയോഗത്തിന്റെ കൃത്യമായ കണക്കും വിവരിച്ചിരുന്നു. ഏപ്രിൽ 12-ന് രാജ്യത്തിന്റെ ഓക്സിജൻ ഉപയോഗം 3842 മെട്രിക് ടൺ ആയിരുന്നു. അതായത് ഉല്പാദനത്തിന്റെ 54 ശതമാനം മാത്രം. ഇതിനുപുറമേ 50,000 മെട്രിക് ടൺ അധിക സ്റ്റോക് ഉണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു.

7127 മെട്രിക് ടൺ ഓക്സിജനിൽ വലിയൊരു ഭാഗവും നിർമിക്കുന്നത് ഉയർന്ന ശുദ്ധതയുളള ഓക്സിജൻ നിർമിക്കുന്ന ക്രയോജനിക് എയർ സെപ്പറേറ്റർ യൂണിറ്റുകളിലാണ്. ഇങ്ങനെ ഉല്പാദിപ്പിക്കുന്നവയിൽ എല്ലാം മെഡിക്കൽ ഉപയോഗത്തിനായുളളതല്ല. ഇതിൽ പ്രധാന ഭാഗം വ്യാവസായിക ആവശ്യത്തിനുളളതാണ്.

മെഡിക്കൽ ഇതര ആവശ്യങ്ങൾക്കായി (ഫാർമസ്യൂട്ടിക്കൽ, പെട്രോളിയം റിഫൈനറികൾ, ന്യൂക്ലിയർ എനർജി ഫസിലിറ്റീസ്, സ്റ്റീൽ പ്ലാന്റുകൾ തുടങ്ങി ചില മേഖലകൾക്കൊഴികെ) ഓക്സിജൻ വിതരണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഏപ്രിൽ 18-ന് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. ഓക്സിജൻ വിതരണം ഇപ്പോഴും തുടരുന്ന മെഡിക്കൽ ഇതര മേഖലകൾക്ക് 2500 മെട്രിക് ഓക്സിജനാണ് ആവശ്യമായി വരുന്നത്. അങ്ങനെ വരുമ്പോൾ 4600 മെടിക് ടണ്ണോളം ഓക്സിജനാണ് മെഡിക്കൽ ഉപയോഗത്തിനായി ലഭിക്കുന്നത്. ഏപ്രിൽ 12-ന് രാജ്യത്തിന്റെ ഓക്സിജൻ ഉപയോഗം 3842 മെട്രിക് ടൺ ആയിരുന്നു. അന്ന് സജീവ രോഗികൾ 12,64,000 എണ്ണമായിരുന്നെങ്കിൽ ഇന്നത് 24,28,616 ആയി ഉയർന്നിരിക്കുകയാണ്.

ഏപ്രിൽ 21-ന് രാജ്യത്തിന്റെ ഓക്സിജൻ ആവശ്യകത 8000 മെട്രിക് ടൺ ആയി ഉയർന്നതായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച ഓക്സിജൻ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാം മെഡിക്കൽ ആവശ്യത്തിനായി മാറ്റിവെക്കണമെന്നും ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇപ്രകാരം വിതരണം തടഞ്ഞതിലൂടെ 3,300 മെട്രിക് ടൺ ഓക്സിജൻ അധികമായി ലഭ്യമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പ്രസ്താവിച്ചിരുന്നു. എങ്കിൽ കൂടി നിലവിലെ ഉപയോഗത്തിന് ആവശ്യമായ ഓക്സിജൻ ഇപ്പോഴും ലഭ്യമല്ല. ഈ അന്തരം നികത്താനായി കരുതലായുളള അമ്പതിനായിരം ടൺ ഓക്സിജൻ ഉപയോഗിക്കുകയാണെങ്കിലും കോവിഡ് കേസുകൾ ഉയരുന്നതിനാൽ തന്നെ ഓക്സിജൻ ക്ഷാമം രൂക്ഷമാകും.

ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന 80 ശതമാനം ഓക്സിജനും മഹാരാഷ്ട്ര, ഗുജറാത്ത്, ജാർഖണ്ഡ്, ഒഡീഷ, തമിഴ്നാട്, കർണാടക, കേരള, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹി, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ സ്വന്തമായി ഓക്സിജൻ ഉല്പാദനം നടക്കുന്നില്ല. സ്വന്തമായി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ കേസുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ചില സംസ്ഥാനങ്ങൾ മറ്റുസംസ്ഥാനങ്ങളിലേക്കുളള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഓക്സിജൻ ഉല്പാദനശേഷിയിൽ നാലാംസ്ഥാനത്തുളള ഒഡീഷയിൽ നിലവിൽ ഓക്സിജൻ ആവശ്യകത കുറവാണ്. എന്നാൽ ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് വെല്ലുവിളികൾ നേരിടുന്നുണ്ട്. ‘മറ്റുളളവർക്ക് വിതരണം ചെയ്യാനുളള ഓക്സിജൻ ഉണ്ടെങ്കിലും എത്തിക്കാൻ ആവശ്യമായ ടാങ്കറുകൾ ഇല്ല എന്നതാണ് പ്രശ്നം. അതുകൊണ്ട് സർക്കാർ ഇപ്പോൾ നൈട്രജൻ, ആഗോൺ ടാങ്കറുകൾ ഓക്സിജൻ ടാങ്കറുകളാക്കി മാറ്റുന്നു.’ സംസ്ഥാനത്തെ ഓക്സിജൻ വിതരണത്തിനുള്ള നോഡൽ ഓഫീസർ റുവാബ് അലി പറഞ്ഞു. ഇനി എത്തിച്ചാൽ തന്നെ സ്റ്റോറേജിനുളള സംവിധാനങ്ങളും കുറവാണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം വേഗത്തിലായതിനാൽ തയ്യാറെടുക്കാൻ സമയം ലഭിച്ചില്ലെന്നും അതും ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നും ഉല്പാദകർ പറയുന്നു.

ഇതിനൊരു പരിഹാരമായി സ്വന്തമായി ഓക്സിജൻ നിർമിക്കാൻ കഴിയുന്ന പ്രഷർ സ്വിങ് അബ്സോർഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി നൂറ് ആശുപത്രികളെ കണ്ടെത്താനുളള ശ്രമത്തിലാണ് എംപവേർഡ് ഗ്രൂപ്പ്. (ഏപ്രിൽ 22ന് പിഎംഒ രൂപീകരിച്ചതാണ് എംപവേഡ് ഗ്രൂപ്പ്. വിവിധ മന്ത്രാലയങ്ങളിൽ നിന്നുളള ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങുന്നതാണ് ഈ സംഘം)ഇത് ഗതാഗതചെലവ്, വിതരണം ചെയ്യുന്നതിലെ കാലതാമസം എന്നിവ കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുകൂടാതെ 162 പിഎസ്എ പ്ലാന്റുകൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പത്തുദിവസത്തേക്കാവശ്യമായ ഓക്സിജൻ സംഭരിക്കാൻ ശേഷിയുളള വലിയ സംഭരണ ടാങ്കുകൾ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിതരണം വേഗത്തിലാക്കുന്നതിനായി റെയിൽവേ, വ്യോമഗതാഗതം എന്നിവയെ ആശ്രയിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഓക്സിജൻ പാഴാക്കുന്നതിനെതിരേയും അനാവശ്യ ഉപയോഗത്തിനെതിരേയും ആരോഗ്യമന്ത്രാലയം ആവർത്തിച്ച മുന്നറിയിപ്പുകൾ നൽകുന്നുമുണ്ട്.

രാജ്യത്തെ ഓക്സിജൻ ക്ഷാമം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ ചൈന, റഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യക്ക് ഓക്സിജൻ അത്യാവശ്യമാണ് എന്ന ഹാഷ്ടാഗാണ് പാകിസ്താൻ ട്വിറ്ററിൽ ട്രെൻഡിങ്ങിൽ മുന്നിൽ. അയൽരാജ്യത്തെ സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാനോട് പാക് ജനത അഭ്യർഥിക്കുന്നതായ വാർത്തയും പുറത്തുവന്നുകഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.