ചണ്ഡീഗഡ്: ഹരിയാനയിലെ ആശുപത്രിയില്‍ നിന്നു മോഷ്ടിച്ചത് കൊറോണ പ്രതിരോധ വാക്സിനാണെന്ന് തിരിച്ചറിഞ്ഞതോടെ തിരികെ നല്‍കി മോഷ്ടാവ്. ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കൊവാക്സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്സിനുകളാണ് ഇന്നലെ രാവിലെയോടെ മോഷണം പോയത്. മോഷണം വാര്‍ത്തയായതോടെ വൈകുന്നേരം ആശുപത്രിയ്ക്ക് സമീപത്തുള്ള കടയില്‍ വാക്സിന്‍ അടങ്ങിയ പാക്കറ്റും കുറിപ്പും നല്‍കി മോഷ്ടാവ് മടങ്ങുകയായിരുന്നു.
പോലീസ് സ്റ്റേഷനിലേക്കുള്ള ഭക്ഷണം എന്ന് പറഞ്ഞായിരുന്നു വാക്സിന്‍ പാക്കറ്റ് കടയുടമയ്ക്ക് നല്‍കിയത്. വാക്സിന്‍ പാക്കറ്റിനൊപ്പം ഹിന്ദിയില്‍ മാപ്പ് അപേക്ഷിച്ചുള്ള കുറിപ്പടിയും വെച്ചാണ് മോഷ്ടാവ് മടങ്ങിയത്. അതേസമയം മോഷ്ടാവ് ആരാണെന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ല. ജിജിന്ദിലെ പിപി സെന്റര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നു ഇന്നലെയാണ് 1710 ഡോസ് കൊറോണ വാക്സിന്‍ മോഷണം പോയത്.
മറ്റൊരു സ്ഥലത്തേയ്ക്ക് പോകേണ്ടതുണ്ടെന്നും പാക്കറ്റ് ഉടന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും പറഞ്ഞായിരുന്നു മോഷ്ടാവിന്റെ മടക്കം. സംഭവത്തില്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടരുകയാണ്.