കൊച്ചി: വൈഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന അച്ഛൻ സനുമോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. മൂകാംബികയിൽ നിന്ന് കൃത്യമായ തെളിവുകൾ കിട്ടിയെന്നും അന്വേഷണ സംഘം മൂകാംബികയിൽ പരിശോധന തുടരുകയാണെന്നും നാഗരാജു അറിയിച്ചു.
സനുമോഹൻ മൂകാംബികിയിലെത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടെന്നുള്ള വിവരമാണ് ഏറ്റവും ഒടുവില്‍ ലഭിച്ചത്.
പതിമൂന്ന് വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങൾ പിന്നിടുകയാണ്. മരണത്തിലെ ദുരൂഹതകൾ നീക്കാനോ ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താനോ പൊലീസിനായിരുന്നില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പോലീസിന് നിർണായക വിവരം ലഭിച്ചത്. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിലായിരുന്നു സനുമോഹൻ ഉണ്ടായിരുന്നത്.
ലോഡ്ജിലെ ജീവനക്കാർ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബിൽ തുക പോലും നൽകാതെ അയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കർണാടക പൊലീസിനെ ജീവനക്കാർ വിവരമറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചതിൽ നിന്ന് അവിടെ താമസിച്ചിരുന്നത് സനുമോഹനാണെന്ന് സ്ഥിരീകരിക്കാനായി.
കർണാടക പൊലീസിന്റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദേശവും നൽകി. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.