കൊച്ചി:ജിവനു തുല്യം സ്നേഹിച്ച ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം പട്ടടയില്‍ എരിഞ്ഞടങ്ങുമ്പോള്‍ കാതങ്ങള്‍ക്കപ്പുറം ദുബായില്‍ വീഡിയോ കോളിലൂടെ പ്രിയതമനെ ഒരു നോക്കുകണ്ട് പൊട്ടിക്കരയാനായിരുന്നു. ബിജിയുടെ വിധി.കൊവിഡ് വിലക്കുകള്‍ വ്യക്തികളുടെ ജീവിതത്തെ എത്രമേല്‍ ദുരിതപൂര്‍ണമാക്കുന്നു എന്നതിന്റെ ഉദാഹരണവുമായിരുന്നു കൊച്ചിയില്‍ നടന്ന സംഭവം.
വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത്തിന്റെ ആരോഗ്യനില വഷളായപ്പോള്‍ മുതല്‍ നാട്ടിലേക്ക് വരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു ബിജി. വിസ തട്ടിപ്പിന് ഇരയായിതിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങളാണ് ആദ്യം വിലങ്ങുതടിയായത്.തൊട്ടുപിന്നാലെ കൊവിഡുമെത്തി.പതിനഞ്ചും എട്ടും അഞ്ചും വയസുള്ള മൂന്നു പെണ്മക്കളാണ് ഇവര്‍ക്കുള്ളത്. അഛന്റെ വിയോഗത്തിനൊപ്പം അമ്മ വിദേശത്ത് കുടുങ്ങിപ്പോയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുട്ടികള്‍.
വിസ തട്ടിപ്പിനായി ബിജി ഒരു സുമനസ്കന്റെ വീട്ടില്‍ താമസിച്ച് വരികയാണ്. അസ്ഥിക്ക് അര്‍ബുദം ബാധിച്ച് ശ്രീജിത്തും മൂന്ന് പെണ് കുട്ടികളും കളമശ്ശേരി ഗ്ലാസ് കോളനി വാര്‍ഡിലെ വാടക വീട്ടിലായിരുന്നു തമാസിച്ചു വന്നത്. തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശ്രീജിത്തിന് രോഗം മൂര്‍ച്ഛിച്ചു മരണത്തിന് കീഴടങ്ങി. ഇതോടെ മൂന്ന് പെണ്മക്കള് എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ്. അമ്മ തിരികെ വരും എന്നത് മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ.
ആ കുഞ്ഞുങ്ങള്‍ക്ക് കോവിഡ് വരുത്തി വെച്ച പ്രത്യാഘാതത്തെ കുറിച്ചോ ട്രാവല്‍ ഏജന്റിന്റെ ചതിയെ കുറിച്ചോ ഒന്നും മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. മരണ വാര്‍ത്ത അറിഞ്ഞതോടെ ശ്രീജിത്തിന്റെ ബന്ധുക്കളെത്തി മക്കളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബിജിമോള്‍ എത്തുന്നതുവരെ നോക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതായി വാര്‍ഡ് കൗണ്‍സിലര്‍ ജെസി പീറ്റര്‍ പറഞ്ഞു. കൗണ്‍സിലറും മുനിസിപ്പല്‍ എന്‍ജിനീയര്‍ സുജ കുമാരിയുമാണ് ഇവരെ സഹായിച്ചിരുന്നത്. ശ്രീജിത് മരിച്ചയുടന്‍ ജെസി മൂന്നുപെണ്‍കുട്ടികളെയും ഒപ്പം കൂട്ടി.
ആലുവയിലെ രതീഷ് എന്നയാളാണ് തങ്ങളെ ചതിച്ചതെന്ന് ബിജി പറയുന്നു. ഇവര്‍ രണ്ടുതവണയായി മൂന്നു ലക്ഷം രൂപ നല്കി. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു മാസത്തെ വിസയാണെന്നു തിരിച്ചറിയുകയും ഇത് ചതിയാണെന്ന് മനസ്സിലാകുകയും ചെയ്തു. യഥാര്‍ഥ തൊഴിലുടമയെന്ന പേരില്‍ മറ്റൊരാളുമായി സംസാരിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിപ്പുകാരന്റെ നമ്ബര്‍ സ്വിച്ച് ഓഫാണ്. മാനസിക പ്രയാസം മൂലം കേസിനു പിന്നാലെ പോവാനാകുന്നില്ല. വേര്‍പാടിന്റെ വേദനക്കൊപ്പം ഇനിയെങ്ങനെ നാട്ടില്‍ വരുമെന്നും നാട്ടില്‍ വന്നാല്‍തന്നെ മൂന്നു പെണ്മക്കളുമായി എങ്ങനെ ജീവിക്കുമെന്നുമുള്ള ചോദ്യവും ഈ യുവതിയെ അലട്ടുന്നു.