തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. വൈറസ് ബാധ കൂടുതല്‍ സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ല സമ്പൂര്‍ണമായും അടച്ചിടും. മറ്റു ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തും.
സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ രോഗഭീതിയുടെ പശ്ചാത്തലത്തില്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യ വില്പന ഔട്ട്ലെറ്റുകള് തുറന്ന് പ്രവര്‍ത്തിക്കും. ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല.