വാഷിങ്ടന്‍: ലോകത്തെ മുള്‍മുനയിലാക്കി കൊറോണ രോഗികളുടെ എണ്ണം ആഗോളതലത്തില്‍ ക്രമാതീതമായി വര്‍ധിയ്ക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പിലും യുഎസിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോകത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത്.ആഗോളതലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 14,400 പിന്നിട്ടിരിക്കുകയാണ്.
സാഹചര്യം നേരിടാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കൂടുതല്‍ ആശുപത്രികളും ചികിത്സ സൗകര്യങ്ങളും തയാറായി വരികയാണ്. ഇറ്റലിയില്‍ ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു രേഖപ്പെടുത്തിയത്. 3,37,881 പേര്‍ക്കാണ് ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5,400 കഴിഞ്ഞു. രാജ്യത്തെ രോഗബാധിതര്‍ 59,138. യുഎസില്‍ വിവിധ സ്റ്റേറ്റുകളില്‍ ജനങ്ങളോടു വീടുകളില്‍ തന്നെ തുടരാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഎസില്‍ 30ല്‍ അധികം സ്റേറ്റുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകെ 189 രാജ്യങ്ങളില്‍ രോഗമെത്തി.
ഇറ്റലിയില്‍ കോവിഡ് രൂക്ഷമായ വടക്കന്‍ മേഖലയില്‍ ശക്തമായ നിയന്ത്രണമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.അടിയന്തര പ്രാധാന്യമുള്ള സേവനങ്ങളൊഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണു സര്‍ക്കാര്‍ നിര്‍ദേശം. ഇറ്റലിയിലേക്കു മെഡിക്കല്‍ സംഘങ്ങളെ ഉടന്‍ അയക്കുമെന്നു റഷ്യ അറിയിച്ചു. ചെക് റിപ്പബ്ലിക്കിലേക്കു നൂറിലധികം ടണ്‍ അവശ്യ സാധനങ്ങള്‍ ചൈന എത്തിച്ചു നല്‍കി. ചൈനയ്ക്കും ഇറ്റലിക്കും പുറമേ യുഎസിലും സ്പെയിനിലുമാണു രോഗം കൂടുതല്‍ ബാധിച്ചത്.