കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ജനതാ കര്‍ഫ്യൂവിനെ ജനങ്ങള്‍ അനുസരണയോടെ പാലിക്കുകയാണ്. പ്രധാനമന്ത്രിയുടെ കര്‍ഫ്യൂ പ്രഖ്യാപനത്തെ പിന്തുണച്ചും അനുകൂലിച്ചും നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍. ഇത്തരം ട്രോളുകളില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നാണ് സലിം കുമാറിന്റെ അഭ്യര്‍ത്ഥന.
പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകള്‍ നമുക്ക് ഊരി വയ്ക്കാമെന്നും സലിംകുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി രണ്ടാമതു പറഞ്ഞ കാര്യമാണ് 5 മണി സമയത്തുള്ള പാത്രം അടി. അതിനെയും വിമര്‍ശിച്ചു ട്രോളുകള്‍ ഞാന്‍ കണ്ടു. നമുക്കു വേണ്ടി രാപകല്‍ അദ്ധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍, മാദ്ധ്യമങ്ങള്‍ ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദനം അര്‍പ്പിക്കുന്നതിലെന്താണു തെറ്റ്? ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നും താരം പ്രതികരിച്ചു.
വൈറസിന്റെ വ്യാപനം 14 മണിക്കൂര്‍ ‘ജനതാ കര്‍ഫ്യു’ മൂലം ഇല്ലാതാകുന്നതോടെ സ്വാഭാവികമായി ചങ്ങല മുറിയും. അങ്ങനെ നോക്കുമ്‌ബോള്‍ രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ നടപടിയാണു ‘ജനതാ കര്‍ഫ്യു’. പക്ഷേ, കര്‍ഫ്യു പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂ.-സലിം കുമാര്‍ പറഞ്ഞു.