ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. തീയില്‍പ്പെട്ട് നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായി വിവരമുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സംസ്ഥാനത്തെ വിവിധ മേഖലയിലെ 32 ഹെക്ടര്‍ വനഭൂമിയിലേയ്ക്ക് തീപടര്‍ന്നു പിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തതായി മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് പറഞ്ഞു. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം മധ്യപ്രദേശിലെ ഉജ്ജയിനിലെ ആശുപത്രിയില്‍ തീപിടുത്തമുണ്ടായി. കൊവിഡ് ബാധിച്ച 62 പേര്‍ ഉള്‍പ്പെടെ എണ്‍പത് പേരെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാര്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് തീ ആളിപ്പടര്‍ന്നിരുന്നു. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചു.
രക്ഷപ്പെടുത്തിയ രോഗികളെ ഗുരു നാനാക്ക് ആശുപത്രിയിലേക്കേും സമീപത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെ ചില രോഗികള്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.