കൊച്ചി: റിയാലിറ്റി ഷോയില്‍ നിന്നു പുറത്തായ രജിത്കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടിയതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സന്ദീപാനന്ദഗിരി പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഭാരതീയ ആചാര്യന്‍ മനുഷ്യരുടെ ബുദ്ധിയെ നാലു ഗണത്തിലായി തരംതിരിച്ചിരിക്കുന്നു.
1. മന്ദബുദ്ധി: ഈകൂട്ടര്‍ ജന്‍മനാ ബുദ്ധിമാന്ദ്യമുള്ളവരാണ്. ഇവരില്‍നിന്ന് അല്‍പം പോലും വകതിരിവ് പ്രതീക്ഷിക്കരുത്.
2. സ്ഥൂലബുദ്ധി: ഈകൂട്ടര്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരും, ശിക്ഷണത്തിനനുസരിച്ച് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.
3. തീക്ഷ്ണബുദ്ധി: ഇവരുടെ ബുദ്ധി ഏകാഗ്രവും കാര്യങ്ങളുടെ കാരണത്തെ ഗ്രഹിക്കാന്‍ പ്രാപ്തവുമായതായിരിക്കും.
4. സൂക്ഷബുദ്ധി: ഈ കൂട്ടരെ സാരഗ്രാഹികള്‍ എന്നും വിളിക്കാം ഏതു വിഷയത്തിന്റെയും സാരം ഗ്രഹിക്കാന്‍ പ്രാപ്തരായവരാണ് ഈ കൂട്ടര്‍.
മലയാളികള്‍ പൊതുവെ സാരഗ്രാഹികളാണെന്നായിരുന്നു ധാരണ. ചില നേരം നമ്മുടെ തൊലിയുരിഞ്ഞു പോയി എന്നു പറയാറില്ലേ!. ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു. മനസ്സിനൊരു സമാധാനം കിട്ടാനുള്ള വഴി ഗോമൂത്രംകൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു. രജിത്കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്‍പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സംഭവത്തില്‍, പേരറിയാവുന്ന നാലു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് 75 പേര്‍ക്കെതിരേയുമാണു നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.