കോവിഡ്-19; തിരുവനന്തപുരം ആശുപത്രിയിലെ 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലിചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയിലും ജാഗ്രത നിര്‍ദ്ദേശം. രോഗംബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍.

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ആശുപത്രിയിലാണ് ഈ ഡോക്ടര്‍ ജോലി ചെയ്തിരുന്നത്. ഇതേതുടര്‍ന്ന്, ശസ്ത്രക്രിയകള്‍ ഇവിടുത്തെ നിര്‍ത്തിവച്ചേക്കും. അഞ്ചു വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്പെയിനില്‍ നിന്ന് മാര്‍ച്ച് ഒന്നിന് മടങ്ങിയെത്തിയ ഡോക്ടര്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയതാണ് മറ്റ് ഡോക്ടര്‍മാരും നിരീക്ഷണത്തിലാകാന്‍ കാരണം. കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും. ജില്ലയില്‍ പുതുതായി 162 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ പേരൂര്‍ക്കട ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡ് തുറന്നു.

കേരളത്തില്‍ ഇതുവരെ കോവിഡ്-19 രോഗം 24 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 156 രാജ്യങ്ങളിലാണ് കോവിഡ്-19 പടര്‍ന്നുപിടിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News