കോട്ടയം: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വാര്‍ധക്യ സഹജമായ വിവിധ രോഗങ്ങള്‍ അലട്ടുന്നതിനിടെ ഇറ്റലിയില്‍ നിന്നു രോഗബാധിതരായി എത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വൈറസ് ബാധ പിടിപെട്ടത്.
കോട്ടയം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണ വിഭാഗത്തില്‍ കഴിയവേ ഹൃദയാഘാതവും ശ്വാസതടസവും നേരിട്ടതിനാല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനും ഹൃദയാഘാതം ഉണ്ടായെങ്കിലും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.
വയോധികയുടെ കൊച്ചുമകന്‍ ഇറ്റലിയിലാണു ജോലി ചെയ്യുന്നത്. മകന്റെ അടുത്തേക്ക് ഒരു മാസത്തെ സന്ദര്‍ശനത്തിനു പിതാവും മാതാവും പോയിരുന്നു. ഇവര്‍ മടങ്ങിവന്നപ്പോഴാണു രോഗം പിടിപെട്ടത്. ഇവരില്‍നിന്നാണു വയോധികയ്ക്കു വൈറസ് പടര്‍ന്നത്. ഇവരെ നെടുമ്പാശേരിയില്‍ നിന്നു കൂട്ടികൊണ്ടു വന്നത് ഇറ്റലിയില്‍ ജോലിയുള്ള യുവാവിന്റെ സഹോദരിയും ഭര്‍ത്താവും ഇവരുടെ നാലു വയസുള്ള മകളുമാണ്.
കുമരകം ചെങ്ങളം സ്വദേശികളായ ഇൗ ദമ്പതികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യനിലയില്‍ കുഴപ്പമില്ല. ഇവരുടെ മകള്‍ നാലര വയസുകാരിക്കും തെള്ളകം ചീപ്പുങ്കല്‍ സ്വദേശികള്‍ക്കും രോഗമില്ലെന്നു കണ്ടെത്തിയിരുന്നു.
കുട്ടിക്ക് ആദ്യ പരിശോധനയില്‍ത്തന്നെ രോഗം ഇല്ലെന്നു കണ്ടെത്തിയിരുന്നു. എങ്കിലും കൂടുതല്‍ സ്ഥിരീകരണത്തിനായി വീണ്ടും പൂന നാഷണല്‍ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടിയുടെ രക്തവും മൂക്ക്, വായ് എന്നിവിടങ്ങില്‍നിന്നെടുത്ത സ്രവങ്ങളും പരിശോധയ്ക്ക് അയച്ചിരുന്നു. അവിടെനിന്നും നെഗറ്റീവ് ഫലം ലഭിച്ചു.