മുംബൈ: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്.
മുംബൈ ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവലിന്റെ സ്ഥാപകനും ഡയറക്ടറുമായ ധാര്‍ക്കര്‍ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. സൗത്ത് ബോംബെയില്‍ ആകാശ്വാനി ഓഡിറ്റോറിയം ഒരു ആര്‍ട്ട് സിനിമാ തിയേറ്ററായി തുറക്കുന്നതിന്റെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ ദണ്ഡി മാര്‍ച്ചിനെക്കുറിച്ചുള്ള ‘ദി റൊമാന്‍സ് ഓഫ് സാള്‍ട്ട്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായിരുന്നു ധാര്‍ക്കര്‍.
ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിഡ്-ഡേ, ദി ഇന്‍ഡിപെന്‍ഡന്റ്, ദി ഇല്യൂസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് , ദൂരദര്‍ശന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു ധാര്‍ക്കര്‍. ഒരു ടിവി ഷോ നിര്‍മ്മാതാവ്, അവതാരകന്‍, ന്യൂസ് ടെലിവിഷന്‍ ചാനലിന്റെ തലവന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.