മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ബാലതാരമാണ് വൃദ്ധി വിശാല്‍. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്.
വൃദ്ധിയുടെ നൃത്തം വൈറലായതോടെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തില്‍ നായകനായ പൃഥ്വിരാജിന്റെ മകളായും വൃദ്ധിയ്ക്ക് അവസരം ലഭിച്ചു. വൃദ്ധിയുടെ പിതാവ് വിശാല്‍ കണ്ണന് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്.
‘ദൈവത്തിനു നന്ദി. എന്റെ മോളുടെ വീഡിയോ ഷെയര്‍ ചെയ്ത മീഡിയാസിനും ഓരോരുത്തര്‍ക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാല്‍ ബിഗ് സ്ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാര്‍ത്ഥിക്കണം.’ എന്നായിരുന്നു വിശാല്‍ കണ്ണന് ആരാധകരെ അറിയിച്ചത്.
മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ തന്നെ പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന അഖില്‍ ആനന്ദിന്റെ വിവാഹ വേദിയിലും വൃദ്ധി താരമായിരുന്നു. മലയാളികളുടെയെല്ലാം വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ഒറ്റ ദിവസം കൊണ്ടാണ് ആറ് വയസുകാരിയായ വൃദ്ധിയുടേതായി മാറിയത്. വൃദ്ധിയുടെ പഴയ വീഡിയോകളും ടിക് ടോക്കുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. യുകെജി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു.