കോട്ടയം:രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുകയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആൾക്കൂട്ടങ്ങൾ രോഗികളുടെ എണ്ണം കുത്തനെ ഉയർത്തുമെന്ന് വ്യക്തമാകുകയും ചെയ്തതോടെ കോവിഡ് തുടക്കക്കാലത്തുണ്ടായിരുന്ന റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും മടങ്ങിവരുന്നു.കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാൻ ഇവരണ്ടും കൂടിയേതീരൂ എന്ന കാഴ്ചപ്പാടിലാണ് ആരോഗ്യവകുപ്പ് നടപടി കർശനമാക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആൾക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ കർശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്. ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
കോവിഡ്-19ന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാൾ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗനിയന്ത്രണ പ്രവർത്തനങ്ങളായ സ്രവ പരിശോധന, യാത്രകൾക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ്. പാലിക്കൽ(സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസിങ്), സമ്പർക്കപട്ടിക വെളിപ്പെടുത്തൽ എന്നിവയോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ജനസംഖ്യയിൽ ഗണ്യമായ വിഭാഗത്തിൽ ഉൾപ്പെട്ട മുതിർന്ന പൗരന്മാരും ജീവിതശൈലി രോഗമുള്ളവരും അനാവശ്യമായ യാത്രകൾ, കൂടിച്ചേരലുകൾ തുടങ്ങിയവ ഒഴിവാക്കി രോഗവ്യാപനം തടയാൻ സ്വയംനിയന്ത്രണങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
പുതിയ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന ആർ.ടി.പി.സി.ആർ. ലാബിന്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. ഒരു മൊബൈൽ ലാബിന് പരമാവധി അഞ്ച് സംഘങ്ങളായി വിവിധ സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്താനും പ്രതിദിനം ശരാശരി രണ്ടായിരം സാമ്പിളുകളുടെ ഫലം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനാ സ്ഥലങ്ങൾ മുൻകൂർ അറിയിച്ച് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കും.
60 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള മാരകരോഗമുള്ളവരും ജീവിതശൈലീരോഗമുള്ളവരുമായ ആളുകൾക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ് സമയബന്ധിതമായി നൽകുന്നതിനൊപ്പം ഇവകൂടി ക്രമീകരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടിവരും.
പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോവിഡ്-19 വ്യാപനം തടയുന്നതിനായി എസ്.എം.എസ്.(സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസിങ്) കാമ്പയിൻ ശക്തമാക്കും. ഇതിനായി പൊതുസ്ഥലങ്ങളിലും കടകളിലും പൊതുയോഗ വേദികളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തണം. പുതിയ പൊതുജനാരോഗ്യ നിയമ ഓർഡിനൻസ് പ്രകാരം പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ കർശനമാക്കാൻ മെഡിക്കൽ ഓഫീസർമാരെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ ഇന്നലെ 1239 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,26,96,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4507 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 106 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 115, കണ്ണൂര്‍ 95, കോഴിക്കോട് 106, കൊല്ലം 108, എറണാകുളം 98, ആലപ്പുഴ 100, ഇടുക്കി 86, തൃശൂര്‍ 87, മലപ്പുറം 80, കോട്ടയം 66, പാലക്കാട് 20, പത്തനംതിട്ട 43, കാസര്‍ഗോഡ് 39, വയനാട് 24 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, തിരുവന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,125 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,22,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 427 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.