ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അഴിമതിയും വികസന മുരടിപ്പും ആയുധമാക്കി മമതക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടി.എം.സി എന്നാല്‍ ട്രാന്‍സ്ഫര്‍ മൈ കമ്മീഷന്‍ എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. എന്നാല്‍, സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയുടെ സുഹൃത്തുക്കളെന്നും ബിജെപി കലാപകാരികളാണെന്നും മമത ആരോപിച്ചു.
മമത ബാനര്‍ജിയുടെ പരുക്ക് എന്ന അജണ്ടയില്‍ നിന്നും ബംഗാളിലെ പ്രചാരണം മാറ്റാനായിരുന്നു പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. വികസന മുരടിപ്പും അഴിമതിയും ഉന്നയിച്ച് മോദി മമതയെ കടന്നാക്രമിച്ചു. അംഫന്‍ ചുഴലിക്കറ്റില്‍ വീട് നഷ്ടപ്പെട്ടവരില്‍ നിന്ന് പോലും തൃണമൂല്‍ കൈക്കൂലി വാങ്ങിയെന്നും ടിഎംസി എന്നാല്‍ ട്രാന്‍സ്ഫര്‍ മൈ കമ്മീഷന്‍ എന്ന് മോദി പരിഹസിച്ചു.
ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളില്‍ എത്തിക്കുകയാണ് ബിജെപിയുടെ നയമെന്നും പുരുലിയ, ജംഗല്‍ മഹല്‍ മേഖലകളില്‍ തൊഴിലിനു പ്രാധാന്യം നല്‍കുമെന്നും പുരുലിയ യിലെ റാലിയില്‍ പ്രധാമന്ത്രി പറഞ്ഞു.
താന്‍ കടുവയെപ്പോലെയാണെന്നും, ജനങ്ങളുടെ മുന്നിലല്ലാതെ മറ്റാരുടെയും മുന്നില്‍ തലകുനിക്കില്ലെന്നും മമത ബാനര്‍ജി തിരിച്ചടിച്ചു. വോട്ടു തേടിവരുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ പാത്രങ്ങള്‍ കൊട്ടി, ബംഗാളില്‍ കലാപം വേണ്ടെന്ന് പറഞ്ഞു തിരിച്ചയക്കാന്‍ മമത ആഹ്വാനം ചെയ്തു. സിപിഐഎമ്മും, കോണ്‍ഗ്രസ്സും ബിജെപിയുടെ സുഹൃത്തുക്കള്‍ ആണെന്നും മമത ആരോപിച്ചു. ബംഗാള്‍ ജയിച്ച ശേഷം ഡല്‍ഹിയിലെത്തി ബിജെപി സര്‍ക്കാരിനെ പിടിച്ചുകുലുക്കുമെന്നും മമത പറഞ്ഞു.