കൊല്ലം: ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷന്. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് ഇളവൂര്‍ പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.
വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലത്തുള്ള പള്ളിക്കലാറ്റിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അമ്മ തുണി കഴുകാന്‍ പോകുന്നതിനിടെ ഇത്രയും ദൂരം കുട്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് പരിസരവാസികള്‍. മാത്രമല്ല ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
പ്രതിഷേധം ഉയര്‍ന്നതോടെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
വ്യാഴാഴ്ച മുതല്‍ വന്‍ജനാവലിയാണ് ഇളവൂരിലെ വീട്ടിലെത്തിയിരുന്നത്. രാവിലെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ വന്‍ജനാവലിയാണ് വീട്ടിലും പരിസരത്തും തടിച്ചുകൂടിനില്‍ക്കുന്നത്. ഇവരെല്ലാംതന്നെ കുട്ടിയുടെ മരണത്തിലെ ആശങ്കപോലീസിനെ അറിയിച്ചു.