തിരുവനന്തപുരം: എസ്.എ.പി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസില്‍ വ്യാജ കെയ്‌സുകള്‍ ഉണ്ടാക്കിയ എസ്.ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച ഉച്ചയോടെ എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
കേസില്‍ 11 പേരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഒരാളാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു. സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലെയും വൈരുധ്യം കണക്കിലെടുത്ത് വെടിയുണ്ടകളുടെ എണ്ണം സംബന്ധിച്ച് നേരിട്ട് പരിശോധന നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. എസ്എപി ക്യാമ്പില്‍ നിന്ന് നല്‍കിയിട്ടുള്ള തിരകള്‍ സംബന്ധിച്ച് നേരിട്ട് പരിശോധിക്കാനാണ് തീരുമാനം.
വെടിയുണ്ടകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് വരുത്താനായി വ്യാജമായി നിര്‍മ്മിച്ച് വച്ചതെന്ന് കരുതുന്ന 350 ഡമ്മി കെയ്‌സുകളാണ് ക്യാംപിലെ സ്റ്റോറില്‍ നിന്ന് പിടിച്ചെടുത്തത്. ഇവ സിഎജി പരിശോധനയിലും കണ്ടെത്തിയിരുന്നു. വെടിയുണ്ടയുടെ പുറംചട്ട ഉരുക്കി നിര്‍മ്മിച്ചതെന്ന് കരുതുന്ന പിച്ചള മുദ്രയും പിടിച്ചെടുത്തു. പന്തീരായിരത്തിലേറെ വെടിയുണ്ടകള്‍ കാണാതായെന്ന കേസിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലെ സംഘം പേരൂര്‍ക്കട എസ്എപി ക്യാംപില്‍ പരിശോധന നടത്തിയത്.
ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഐ.ജി.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തില്‍ പതിനഞ്ചോളം പേരെ ഉള്‍പ്പെടുത്തിയാണ് സംഘം വിപുലീകരിച്ചിരിക്കുന്നത്. 96 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകള്‍ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.