KeralaNewsRECENT POSTS

ബുക്ക് ചെയ്ത സീറ്റ് ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറി; പ്രതീഷ് കുമാറിന് തിരികെ ലഭിച്ചത് സ്വന്തം ജീവന്‍

പാലക്കാട്: സീറ്റ് ബുക്ക് ചെയ്ത ശേഷം അവസാന നിമിഷം യാത്ര ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വടക്കഞ്ചേരി എളവമ്പാടം കൂട്ടപ്പുര വീട്ടില്‍ കെഎ പ്രതീഷ് കുമാറിന് തിരികെ ലഭിച്ചത് സ്വന്തം ജീവന്‍. അവിനാശിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ 13-ാം നമ്പര്‍ സീറ്റ് ആയിരുന്നു പ്രതീഷ് ബുക്ക് ചെയ്തിരുന്നത്. ജോലി ആവശ്യവുമായി ബന്ധപ്പെട്ടാണ് പ്രതീഷ് ബംഗളൂരുവില്‍ എത്തിയത്. 19ന് ഉച്ചവരെ പ്രതീഷ് ബംഗളൂരുവില്‍ ഉണ്ടായിരുന്നു.

മകള്‍ തന്‍വിയുടെ ചോറൂണിന് ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നതിനാല്‍ വ്യാഴാഴ്ച തന്നെ നാട്ടിലെത്താന്‍ അപകടം നടന്ന ബസില്‍ പ്രതീഷ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി 20ന് തിരുവനന്തപുരത്തേക്ക് കമ്പനിയുടെ മീറ്റിങ്ങിനായി പ്രതീഷിന് പോകേണ്ടി വന്നു. തുടര്‍ന്ന് ബസ് യാത്ര ഉപേക്ഷിച്ച് കൊച്ചുവേളി എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. തിരക്കിനിടയില്‍ ബസ് ടിക്കറ്റ് റദ്ദാക്കാന്‍ മറന്നതിനാല്‍ യാത്രക്കാരുടെ ലിസ്റ്റില്‍ പ്രതീഷ് കുമാറും ഉള്‍പ്പെട്ടിരുന്നു.

തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തയാളുടെ വിവരം അന്വേഷിച്ച് പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ നിന്നു രാവിലെ 9.30ന് ഫോണ്‍ വരുമ്പോഴാണു പ്രതീഷ് അപകട വിവരം അറിയുന്നത്. 13ാം നമ്പര്‍ സീറ്റിന്റെ തൊട്ടു മുന്നിലെയും പിന്നിലെ രണ്ടു നിര സീറ്റുകളിലെയും യാത്രക്കാര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button