ന്യൂഡല്‍ഹി: മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസെന്ന് ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്. കൊറോണ വൈറസിന്റെ മറു മരുന്ന കണ്ടെത്താനായി ശാസ്ത്ര ലോകം കഠിപരിശ്രമം തുടരുന്നതിനിടെയാണ് പുതിയ കണ്ടെത്തലുമായി ഹിന്ദുമഹാസഭാ അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
‘കൊറോണ ഒരു വൈറസ് അല്ല, പക്ഷേ സാധൂജീവികളുടെ രക്ഷയ്ക്കെത്തിയ അവതാരമാണ്. അവയെ ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് എത്തിയിരിക്കുന്നത്’, ചക്രപാണി മഹാരാജ് പറഞ്ഞു. വിശ്വസിച്ചാലും ഇല്ലെങ്കിലും മൃഗങ്ങളെ കൊല്ലരുതെന്നും സസ്യാഹാരത്തിലേക്ക് തിരിയണമെന്നും ഓര്‍മ്മിക്കാന്‍ നരസിംഹാവതാരത്തെപ്പോലെ പിറവി എടുത്തതാണ് കൊറോണ എന്നാണ് മഹാരാജ് പറയുന്നത്.
ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിചിത്ര പരാമര്‍ശവുമായി ചക്രപാണി രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസിനെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് മാറ്റാമെന്നാണ് ചക്രപാണി പറഞ്ഞിരുന്നു. ഓം നമഃ ശിവായ ചൊല്ലി ദേഹത്ത് ചാണകം തേച്ചു പുരട്ടാനാണ് ചക്രപാണി നിര്‍ദ്ദേശിച്ചത്.