ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട രാജ്യസഭ സുരക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്തി. പാര്‍ലമെന്റ് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഉറുജുള്‍ ഹസനെയാണ് അഞ്ചു വര്‍ഷത്തേക്ക് ലോ ഗ്രേഡ് സെക്യൂരിറ്റി ഓഫീസറായി തരം താഴ്ത്തിയത്. അഞ്ചു വര്‍ഷത്തിന് ശേഷം ഉറുജുളിന് മുന്‍ തസ്തികയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവിലെ ആനൂകൂല്യങ്ങളിലും വെട്ടിച്ചുരുക്കല്‍ ഉണ്ടാകും. 2018 മുതല്‍ ഉറുജുള്‍ ഹസന്‍ സസ്പെന്‍ഷനിലായിരുന്നു. ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന് ശേഷം രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവാണ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിക്കൊണ്ടുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
രാഷ്ട്രീയ നിഷ്പക്ഷത പാലിക്കാതെ പല തവണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടു എന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സിവില്‍ സര്‍വീസ് പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്തും വിധവും പരിഹസിക്കും വിധവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടു എന്നതാണ് ഉറുജുള്‍ ഹസനെതിരേയുള്ള ആരോപണം.