മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് വൈകിട്ട് ആറിനും ഒമ്പതിനും ഇടയിലെന്ന് റിപ്പോര്‍ട്ട്. പോലീസ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ നാലുവര്‍ഷത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020ല്‍ മൊത്തം 27,877 വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2979 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ വൈകീട്ട് ആറിനും ഒമ്പതിനും ഇടയില്‍ മാത്രം നടന്നത് 6028 വാഹനാപകടങ്ങളാണ്. ഈ സമയത്ത് അപകടത്തില്‍പ്പെട്ടവരില്‍ 645 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
വൈകീട്ട് മൂന്നിനും ആറിനുമിടയില്‍ നടന്ന 5667 അപകടങ്ങളില്‍ 517 പേരാണ് മരിച്ചത്. രാവിലെ ഒമ്പതിനും 12നുമിടെ 5237 അപകടങ്ങളിലായി 422 പേര്‍ക്കും ജീവന്‍ നഷ്ടമായി. രാത്രി 12നും പുലര്‍ച്ച ആറിനുമിടയിലാണ് അപകടങ്ങള്‍ ഏറ്റവും കുറവ്. ഈ സമയത്ത് 1256 അപകടങ്ങളിലായി 296 പേരാണ് മരിച്ചത്. 2020ല്‍ ആകെ അപകടങ്ങളില്‍ 22,224 പേര്‍ക്ക് ഗുരുതരമായും 8,286 പേര്‍ക്ക് നിസ്സാരമായും പരിക്കേറ്റു.
വൈകീട്ട് ആറിനും ഒമ്പതിനുമിടയില്‍ നടന്ന അപകടങ്ങളില്‍ 4790 പേര്‍ക്ക് ഗുരുതര പരിക്കും 1668 പേര്‍ക്ക് നിസ്സാര പരിക്കും പറ്റിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ വൈകീട്ട് ആറിനും ഒമ്പതിനുമിടയില്‍ 8465 അപകടങ്ങളിലായി മരിച്ചത് 890 പേരാണ്.
2018ല്‍ 901 പേരും 2017ല്‍ 886 പേരും ഈ സമയത്ത് മരിച്ചു. റോഡുകളിലെ തിരക്കും മദ്യപിച്ച് വാഹനമോടിക്കലുമാണ് കൂടുതലായി അപകടം വിളിച്ചുവരുത്തുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.