തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എം.പി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ് നിലപാടെങ്കിലും നേമത്ത് കെ മുരളീധരന്‍ മത്സരിച്ചാല്‍ കൊള്ളാമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവമായുണ്ട്. പിതാവ് കെ കരുണാകരന്‍ ജയിച്ച മണ്ഡലമാണ് നേമം എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആ നേമമല്ല ഈ നേമമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
അന്നത്തെ നേമത്തിലെ അഞ്ച് പഞ്ചായത്തുകള്‍ കാട്ടാക്കടയിലും ഒന്ന് കോവളത്തുമായി. എങ്കിലും സമ്മര്‍ദമുണ്ടായാലും മത്സരിക്കാനില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ജന വിശ്വാസമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കേ വിജയിക്കാനാവൂ. രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ ജയിച്ചത് അവര്‍ക്ക് മണ്ഡലത്തിലെ ജന വിശ്വാസം നേടാനായതിനാലാണ്. ഇവര്‍ മാറിയാല്‍ മണ്ഡലം നഷ്ടപ്പെടും. വടകര ആര്‍എംപിക്ക് നല്‍കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പ് സമിതികളില്‍ പങ്കെടുത്തില്ലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമ്പോള്‍ പങ്കെടുക്കും. പറഞ്ഞു കേള്‍ക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയൊന്നും തന്നോട് ചര്‍ച്ച ചെയ്തതല്ല. കോഴിക്കോട് ഡിസിസി നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക ജില്ലയിലെ എംപിമാരായ തന്നോടോ എം കെ രാഘവനോടോ ആലോചിച്ചു തയാറാക്കിയതെല്ലന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദീപക് മിശ്ര ഐപിഎസാണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തില്‍ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാര്‍ പുനിയ കേരളത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.