കോഴിക്കോട്: റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സ്ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരി ചെന്നൈയിൽ നിന്നും തലശേരിക്ക് പോവുകയായിരുന്നു. ഇവർ ഇരുന്ന സീറ്റിന് താഴെ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. യാത്രക്കാരി ചെന്നൈ സ്വദേശിയാണെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്ഫോടക വസ്തുകൾ പിടികൂടിയത്
ഇന്നലെ മുംബൈയിൽ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടകവസ്തുകള്‍ നിറച്ച സ്‌കോര്‍പിയോ. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട സ്‌കോര്‍പിയോ വാനില്‍ നിന്ന് 20 ജലാറ്റിന്‍ സ്റ്റിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംശയാസ്പദമായ രീതിയില്‍ വാഹനം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖപ്രതികരിച്ചു. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസും ബോംബ് സ്‌ക്വഡും സ്ഥലത്ത് പരിശോധന നടത്തി.