ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യമന്ത്രി അമിത്ഷായും ഇന്ദ്രപ്രസ്ഥം പിടിയ്ക്കാന്‍ അരയും തലയും മുറുക്കിയാണ് ഇറങ്ങിയിരിയ്ക്കുന്നത്. എന്നാല്‍ അരവിന്ദ് കേജരിവാളിന്റെ പൊന്നാപുരം കോട്ട തകര്‍ക്കാന്‍ ഇത്തവണയും അവര്‍ക്കാവില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
അടുത്ത ദിവസം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 54-60 സീറ്റുകള്‍ വരെ നേടി ആം ആദ്മി പാര്‍ട്ടി (എഎപി) അധികാരം നിലനിര്‍ത്തുമെന്ന് വാര്‍ത്താ ചാനലായ ടൈംസ് നൗവും മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇപ്സോസും നടത്തിയ അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു.
വോട്ടെടുപ്പില്‍ ബി.ജെ.പിയ്ക്ക് 10 മുതല്‍ 14 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവരുടെ വോട്ട് വിഹിതം യഥാക്രമം 52 ശതമാനം, 34 ശതമാനം, നാല് ശതമാനം എന്നിങ്ങനെയായിരിക്കും.
ആം ആദ്മി പാര്‍ട്ടിയുടെ സീറ്റ് നില 2015 ലെ 67 ല്‍ നിന്ന് 54-60 ലേക്ക് ഇടിയുമെന്ന് സര്‍വേ പറയുന്നു. തിരഞ്ഞെടുപ്പില്‍ ബാക്കി മൂന്ന് സീറ്റുകള്‍ ബിജെപി നേടി, കോണ്‍ഗ്രസിന് സീറ്റുകള്‍ ഒന്നും ലഭിച്ചില്ല.
മുസ്ലീം ഭൂരിപക്ഷമുള്ള ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന വിവാദപരമായ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) 71 ശതമാനം പേര്‍ പിന്തുണ പ്രകടിപ്പിച്ചുവെന്നതാണ് സര്‍വേയിലെ ശ്രദ്ധേയമായ നിഗമനങ്ങളില്‍ ഒന്ന്.
സര്‍വേ പ്രകാരം 51 ശതമാനം ഡല്‍ഹിവാസികളും ഷഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രതിഷേധം ‘നീതീകരിക്കപ്പെടാത്തതാണ്’ എന്ന് വിശ്വസിക്കുന്നു. 50 ദിവസത്തിലേറെയായി തുടരുന്ന ഷഹീന്‍ ബാഗ് പ്രതിഷേധം പ്രധാനമായും നയിക്കുന്നത് മുസ്ലിം സ്ത്രീകളാണ്. ടൈംസ് ന – ഇപ്സോസ് വോട്ടെടുപ്പ് പ്രകാരം 25 ശതമാനം പേര്‍ പ്രതിഷേധം ന്യായമാണെന്ന് വിശ്വസിക്കുന്നു.
എന്നാല്‍, ഷഹീന്‍ ബാഗ് പ്രതിഷേധത്തോടുള്ള വോട്ടര്‍മാരുടെ വിയോജിപ്പ് ബി.ജെ.പിക്കുള്ള വോട്ടുകളായി മാറില്ലെന്ന് സര്‍വേ പറയുന്നു.